28 Aug 2025 4:23 PM IST
Summary
ചൈനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഇന്ത്യ പ്രഖ്യാപിക്കും
ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രത്യേക ചര്‍ച്ച നടത്താന്‍ മോദി. ഞായറാഴ്ചയാണ് കൂടിക്കാഴ്ച. സന്ദര്‍ശന വേളയില്‍ ചൈനയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവുമുണ്ടാവും.
ഇന്ത്യ-ചൈന ബന്ധം ശക്തമാവുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ടിയാഞ്ചിനില്‍ നടക്കുന്ന ഉച്ചകോടിക്കായി നരേന്ദ്ര മോദി ഞായറും തിങ്കളുമാണ് ചൈനയിലുണ്ടാവുക. കൂടികാഴ്ചയ്ക്കുള്ള ചൈനീസ് പ്രസിഡന്റിന്റെ ക്ഷണം മോദി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ സമാധാനം, വ്യാപാരബന്ധം, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക, നേരിട്ടുള്ള വിമാന സര്‍വീസ് എന്നിവയായിരിക്കും ചര്‍ച്ചയുടെ അജണ്ട.
സുസ്ഥിരവും മുന്നേറ്റത്തിലേക്ക് നയിക്കുന്നതുമായ നയതന്ത്രബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മോദി വ്യക്തമാക്കിയിരുന്നു. ഏഴ് വര്‍ഷത്തിനിടെ മോദിയുടെ ചൈനയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര, താരിഫ് നയങ്ങളെച്ചൊല്ലി ഇന്ത്യ- യുഎസ് ബന്ധത്തിലുണ്ടായ അകല്‍ച്ചയും മാറുന്ന ലോകക്രമങ്ങളുമൊക്കെ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയെ അവഗണിക്കാനാകില്ലെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ടായി. അതാണ് പുതിയ നീക്കത്തിന്റെ പിന്നിലെന്നാണ് വിലയിരുത്തല്‍.
അതേസമയം, താരിഫ് ആഘാതത്തില്‍ ബുദ്ധിമുട്ടുന്ന 20 ഓളം രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പരിപാടി ഈ രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യം വിളിച്ചോതുന്നതായിരിക്കും. അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യയ്ക്ക് മറ്റൊരു നയതന്ത്ര വിജയം നേടാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും പങ്കെടുക്കുന്നുണ്ട്.