11 April 2023 4:45 PM IST
Summary
- 2023 ല്‍ വ്യാവസായികേതര റോബോട്ടുകളുടെ വിപണി ഉയരും
- 18.8 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം മാത്രം പ്രതീക്ഷിക്കുന്നത്
ദൈനംദിന ജീവിതത്തില്‍ റോബോട്ടുകളുടെ സാന്നിധ്യം കൂടിക്കൂടി വരികയാണ്. കൂറ്റന്‍ വ്യവസായങ്ങള്‍ക്കു മാത്രമല്ല, വ്യാവസായികേതര ഉപയോഗങ്ങള്‍ക്കും റോബോട്ടുകള്‍ നിത്യസാന്നിധ്യമാവുകയെന്ന് വ്യക്തമാക്കുകയാണ് Fact.MR നടത്തിയ പഠനം. വ്യാവസായികേതര റോബോട്ടുകളുടെ വിപണി ഈ വര്‍ഷം മാത്രം 18.8 ശതമാനം വര്‍ധിച്ച് 83.4 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പഠനത്തില്‍ പറയുന്നത്. മൊത്തെ വിപണിമൂല്യം ഈ വര്‍ഷാവസാനത്തോടെ 465.5 ബില്യണ്‍ ഡോളറാവും.
പല ജോലികളും വളരെ എളുപ്പത്തിലും വേഗത്തിലും ചെയ്‌തെടുക്കാന്‍ റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്നത് കൂടി വരികയാണിപ്പോള്‍. സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്ക് പോലും റോബോട്ടുകളുടെ സാന്നിധ്യം വലിയ സഹായകരമായി. ഇങ്ങനെ ആരോഗ്യ, സൈനിക, ഗവേഷണ, വികസന, വ്യവസായ മേഖലകളിലെല്ലാം റോബോട്ടുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വ്യവസായരംഗത്ത് ഇപ്പോള്‍ തന്നെ റോബോട്ടുകള്‍ വളരെ വ്യാപിച്ചെങ്കിലും വ്യാവസായികേതര ഉപയോഗങ്ങള്‍ക്കുള്ള റോബോട്ടുകളുടെ വിപണിയും കുത്തനെ ഉയരുമെന്നാണ് പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നത്.
മത്സര രംഗത്ത് ഇവര്‍
പല വമ്പന്‍ കമ്പനികളും ഉല്‍പ്പന്നങ്ങളുടെ നിര തന്നെയാണ് ഓരോ വര്‍ഷവും അവതരിപ്പിക്കുന്നത്. റോബോട്ട് നിര്‍മാണത്തില്‍ മികച്ചു നില്‍ക്കുന്ന പ്രധാന കമ്പനികളിതാ:
Diligent Robotics
ReWalk Robotics
Barrett Advanced Robotics
Stryker
Hanson Robotics
Pal Robotics
UBTECH Robotics
Macco Robotics
Intuitive Robots
Samsung Electronics
Skydio Robots
ഇന്ത്യയില്‍ ഡിമാന്റ് കൂടും
ഇന്ത്യന്‍ വിപണിയെ ഉറ്റുനോക്കുകയാണ് റോബോട്ടിക് ലോകം. കാര്‍ഷിക മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളാണ് റോബോട്ടുകള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറ്റുക. 2025 ഓടെ ഇന്ത്യന്‍ കാര്‍ഷിക മേഖല 24 ബില്യണ്‍ ഡോളര്‍ എന്ന നേട്ടം കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് പ്രധാനമായും റോബോട്ടുകളുടെയും പുത്തന്‍ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെയായിരിക്കും. ബ്ലോക്ക്‌ചെയ്ന്‍, ജിഐഎസ് ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റിമോട്ട് സെന്‍സിംഗ്, ഡ്രോണ്‍, റോബോട്ട് തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ തന്നെ ഡിജിറ്റല്‍ അഗ്രിക്കള്‍ച്ചര്‍ മിഷന്‍ പ്രഖ്യാപിച്ചതും ഈ മേഖലയ്ക്ക് നേട്ടമാവും.
കണ്‍സ്യൂമര്‍ റോബോട്ടുകള്‍ക്ക് പ്രിയമേറും
ശുചീകരണം, വിനോദം, സൗന്ദര്യവര്‍ധക രംഗത്ത് കൂടുതല്‍ പേര്‍ റോബോട്ടിക് ഉപകരണങ്ങളുടെ ഉപയോഗത്തിലേക്ക് കടക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. ഒപ്പം നിരവധി വീട്ടുപകരണങ്ങളുടെ നിരയും വിവിധ കമ്പനികള്‍ വിപണിയിലിറക്കുകയും ചെയ്തിട്ടുണ്ട്.