image

29 May 2025 4:17 PM IST

News

ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് സംവിധാനം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകും

MyFin Desk

ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് സംവിധാനം  നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകും
X

Summary

  • എല്ലാ ഭൂവുടമര്‍ക്കും കാര്‍ഡ് ഉറപ്പാക്കുക ലക്ഷ്യം
  • ഇതിനുള്ള പരീക്ഷണ പഠനം പൂര്‍ത്തിയായി


സംസ്ഥാനത്തെ ഭൂവുടമകള്‍ക്കായി റവന്യൂ വകുപ്പ് കൊണ്ടുവരുന്ന ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് സംവിധാനം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതിനായുള്ള പരീക്ഷണ പഠനം പൂര്‍ത്തിയായി. 2026 ജനുവരിയോടെ സംസ്ഥാനത്തെ എല്ലാ ഭൂവുടമര്‍ക്കും കാര്‍ഡ് ഉറപ്പാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് നടപ്പിലാക്കുന്നത്. ഇത് വഴി വിവിധ സാക്ഷ്യപത്രങ്ങള്‍ക്കായി വില്ലേജ് ഓഫീസിനെ സമീപിക്കാതെ തന്നെ വ്യക്തികള്‍ക്ക് ആവശ്യമായ റവന്യൂ സേവനങ്ങള്‍ ലഭ്യമാകുന്നതാണ്. കൂടാതെ വ്യാജരേഖകള്‍ ഹാജരാക്കി അനധികൃതമായി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതും ഒഴിവാക്കാന്‍ സാധിക്കും.

ഒരു വ്യക്തിയുടെ വ്യക്ത്യാധിഷ്ഠിതവും കുടുംബാധിഷ്ഠിതവുമായ എല്ലാ വിവരങ്ങളും ഡിജിറ്റലായി രേഖപ്പെടുത്തി കാര്‍ഡ് രൂപത്തില്‍ നല്‍കുന്ന പദ്ധതിക്ക് രണ്ടു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന ഐടി സെല്ലും ഡിജിറ്റല്‍ ഇന്ത്യയുമാണ് സാങ്കേതിക സഹായം നല്‍കുന്നത്. ഭൂമിയുടെ വിസ്തീര്‍ണ്ണം, ഇനം, തരം തുടങ്ങി റവന്യൂ വകുപ്പില്‍ നിന്നും ലഭ്യമായ വിവരങ്ങളെക്കൂടാതെ ഭൂവുടമയുടെ നികുതി സംബന്ധമായ വിവരങ്ങളും വസ്തുവിലുള്ള ബാധ്യതകളും റവന്യൂ റിക്കവറി സംബന്ധിച്ച വിവരങ്ങളും കാര്‍ഡിലൂടെ ലഭ്യമാകും. വ്യക്തിഗതമായി അനുവദിച്ചിട്ടുളള സാക്ഷ്യപത്രങ്ങളുടെ വിവരങ്ങളും കാര്‍ഡില്‍ ഉള്‍പ്പെടുത്താനാകും.

10 അക്ക നമ്പരോടുകൂടിയ കാര്‍ഡാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഭൂമിയില്‍ നടക്കുന്ന എല്ലാ കൈമാറ്റങ്ങളും സബ്ഡിവിഷനുകളും സംഭവിക്കുന്ന മുറക്ക് തന്നെ കാര്‍ഡില്‍ മാറ്റം വരുന്ന ഡൈനാമിക്ക് രീതിയിലുളള ക്യുആര്‍ കോഡ് സംവിധാനവും കാര്‍ഡില്‍ ഉള്‍പ്പെടുത്തും.