image

27 July 2025 12:30 PM IST

News

വൈദ്യുതി അപകടമുണ്ടായാല്‍ ഇനി നടപടി; കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പണി കിട്ടും, നടപടിയെടുക്കാൻ നിർദേശം

MyFin Desk

വൈദ്യുതി അപകടമുണ്ടായാല്‍ ഇനി നടപടി; കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പണി കിട്ടും, നടപടിയെടുക്കാൻ നിർദേശം
X

വൈദ്യുതി അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ വകുപ്പ്തല നിർദേശം. അപകടമുണ്ടായാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്കനടപടി ഉള്‍പ്പെടെ സ്വീകരിക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിർദേശിച്ചു. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ ഉൾപ്പെടെ പശ്ചാത്തലത്തിലാണ് നടപടി. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നത്.

സംഭവത്തില്‍ കെഎസ്ഇബി മുഖ്യ സുരക്ഷാകമ്മിഷണര്‍ നടത്തിയ അന്വേഷണത്തില്‍ ജീവനക്കാര്‍ക്കെതിരേ നടപടി ശുപാര്‍ശചെയ്തിട്ടില്ല. സ്‌കൂളിന് മുകളിലൂടെയുള്ള ലൈന്‍ അപകടകരമാണെന്നും മാറ്റണമെന്നും ഇതിനായി പോസ്റ്റ് അനുവദിക്കണമെന്നും കെഎസ്ഇബി ജീവനക്കാര്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള നടപടിയുണ്ടാകുന്നതിനു മുന്‍പ് അപകടമുണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് കിട്ടാനുണ്ട്. അതില്‍ വീഴ്ച വ്യക്തമായാല്‍ നടപടിയുണ്ടാവും.

വൈദ്യുതി സുരക്ഷയെപ്പറ്റി അവലോകനം ചെയ്യാന്‍ കളക്ടര്‍ ചെയര്‍മാനും ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ കണ്‍വീനറുമായി ജില്ലാതല സമിതിയും എംഎല്‍എമാരുടെയും വാര്‍ഡ് മെമ്പറുടെയും നേതൃത്വത്തില്‍ ജാഗ്രതാസമിതികളും രൂപവത്കരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ സമിതികള്‍ യോഗംചേരാറില്ല. ഇവ ഓഗസ്റ്റ് 15-നുമുന്‍പ് വിളിച്ചുചേർക്കാനും തീരുമാനമായി.

Tags: