image

23 Feb 2023 4:30 PM IST

News

'മൽസ്യത്തിലെ രാസപദാർത്ഥങ്ങളുടെ ദുരുപയോഗം തടയുന്നതിന് ഡോക്ടർമാരെ നിയമിക്കണം'

Kochi Bureau

Fish Business
X

Summary

ഇന്തോ-യുകെ ഗവേഷണ സഹകരണം വേണമെന്നും ശിൽപശാല


കൊച്ചി: മത്സ്യമേഖലയിൽ ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള രാസപദാർത്ഥങ്ങളുടെ ദുരുപയോഗം തടയുന്നതിന് മത്സ്യഡോക്ടർമാരെ നിയമിക്കണമെന്ന് ശിൽപശാല.

യുകെ ഗവൺമെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ എൺവയൺമെന്റ്, ഫുഡ് ആന്റ് റൂറൽ അഫയേഴ്സും (സിഫാസ്) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) സംയുക്തമായി സംഘടിപ്പിച്ച വൺ ഹെൽത് അക്വാകൾച്ചർ ഇന്ത്യ ശിൽപശാലയിലാണ് ഈ നിർദേശം.

മീനിന്റെയും മീൻ കഴിക്കുന്നവരുടെയും ആരോഗ്യസംരക്ഷണത്തിനും മത്സ്യഡോക്ടറുടെ സേവനം സഹായകരമാകുമെന്ന് ശിൽപശാലയിൽ പ്രബന്ധമവതരിപ്പിച്ച സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ സി രാമചന്ദ്രൻ പറഞ്ഞു.

ഇന്ത്യയിലെ അക്വാകൾച്ചർ (ജലകൃഷി) മേഖലയിൽ സമഗ്ര ആരോഗ്യ സമീപനം കൊണ്ട് വരുന്നതിന് ഇന്തോ-യുകെ ഗവേഷണ സഹകരണം വേണമെന്നും

ശിൽപശാല നിർദേശിച്ചു. കൃഷി ചെയ്യുന്ന മത്സ്യത്തിന്റെയും മീൻ കഴിക്കുന്നവരുടെയും പരിസ്ഥിതിയുടെയും ആരോഗ്യസംരക്ഷണമാണ് ഈ സമീപനം.



കൊച്ചിയിൽ സമാപിച്ച ഇന്തോ-യുകെ വൺഹെൽത്ത് അക്വാകൾച്ചർ ശിൽപശാലയിൽ സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.

സുസ്ഥിര മത്സ്യോൽപാദനം കൂട്ടാനും രോഗബാധയടക്കമുള്ള പ്രതിസന്ധികൾ തടയാനും ഉപജീവനം മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ഹൈകമ്മീഷനിലെ സാലി ടെയ്‌ലർ പറഞ്ഞു.

മത്സ്യകൃഷിയിടത്തു നിന്നും തീൻമേശയിലെത്തുന്നതുവരെ മത്സ്യോൽപാദനത്തെ ബ്ലോക് ചെയിൻ സംവിധാനമുപയോഗിച്ച് നിരീക്ഷിക്കാനുള്ള സംവിധാനമേർപ്പെടുത്തണം. പൊക്കാളി കൃഷി പോലെയുള്ള പരമ്പരാഗത കൃഷിരീതികളെ കൂടുതൽ ഊർജിതമാക്കുന്നതിന് ഗവേഷണസഹകരണം ആവശ്യമാണ്. ആരോഗ്യസംരക്ഷണത്തിന് മനുഷ്യരിലും മൃഗങ്ങളിലും മത്സ്യങ്ങളിലുമുള്ള മരുന്നുപയോഗം നിയന്ത്രണവിധേയമാക്കുന്നതിനും, ജനിതകമാറ്റം വരുതിയ പുതിയ മത്സ്യയിനങ്ങളെ വികസിപ്പിക്കുന്നതിനും നയരൂപീകരണം ആവശ്യമാണെന്നും ശിൽപശാല ആവശ്യപ്പെട്ടു.

ഇന്ത്യൻ മത്സ്യമേഖലയെ സമഗ്രആരോഗ്യസ്ഥിതിയിലേക്ക് എത്തിക്കുന്നതിനുള്ള വിവിധ പദ്ധതികൾ രാജ്യത്ത് നിലവിലുണ്ടെങ്കിലും ഇവ ഏകോപിപ്പിക്കുന്നതിന് ദേശീയതലത്തിൽ ഏജൻസി സ്ഥാപിക്കണമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിൽ നിന്നും യുകെയിൽ നിന്നുമായി 50 ഓളം ശാസ്ത്രജ്ഞർ ശിൽപശാലയിൽ പങ്കെടുത്തു. ഡോ. പി കെ പാണ്ഡെ, ഡോ. പി കൃഷ്ണൻ, പ്രൊഫ. ഡേവിഡ് ബാസ്, ഡോ. ടോംസ് സി ജോസഫ് എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.