26 Oct 2023 5:19 PM IST
Summary
- റെസിഡൻഷ്യൽ എയർകണ്ടീഷണറിൽ ഉടമസ്ഥാവകാശത്തില്‍ ഒമ്പത് മടങ്ങ് വർധനവുണ്ടാവും
- താപനിലയിലുള്ള വ്യതിയാനം വൈദ്യുതി ഡിമാൻ്റിനെ ബാധിക്കുന്നു
മൂന്നു ദശകത്തിനപ്പുറത്ത് 2050-ഓടെ ഇന്ത്യയുടെ വൈദ്യുതി ഡിമാണ്ട് ഇതിൻ്റെ ഉന്നതിയിലെത്തുമെന്ന് ഇൻ്റർനാഷണല്‍ എനര്‍ജി ഏജന്‍സി(ഐഇഎ) തങ്ങളുടെ ഏറ്റവും പുതിയ വിലയിരുത്തലില്‍ പറയുന്നു.
അന്ന് ഇന്ത്യയിലെ വീടുകളിലെ എയര്‍ കണ്ടീഷനറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു മാത്രം വൈദ്യുതി ആവശ്യം ഇന്നത്തേതിൻ്റെ ഒമ്പതിരട്ടിയാകും.
ഇത് ഇന്നത്തെ ആഫ്രിക്കയുടെ മൊത്തം വൈദ്യുതി ഉപയോഗത്തേക്കാള്‍ കൂടുതലാണെന്നും ഐഇഎ താരതമ്യപ്പെടുത്തുന്നു.
2010 മുതല്‍ ഇന്ത്യയിലെ എസി ഉപയോഗം മികച്ച വളര്‍ച്ചയാണു നേടുന്നത്. 2010-നെ അപേക്ഷിച്ച് എസി ഉടമസ്ഥാവകാശം മൂന്നിരട്ടിയായിഉയര്‍ന്നു.
ഇന്ത്യയുടെ ഊര്‍ജ വിതരണം 2022 ലെ 42 എക്സാജൂളില്‍ (ഊര്‍ജത്തിന്റെ അളവ്-ഇജെ) നിന്ന് 2030 ല്‍ 53 ഇജെ ആയും 2050 ല്‍ ഇത് 73 ഇജെ ആയും ഉയരുമെന്ന് ഐഇഎ വിലയിരുത്തുന്നു.
ക്രൂഡോയിലിൻ്റെ ഇന്ത്യന്‍ ഡിമാൻ്റ് 2022-ലെ5.2 ദശലക്ഷം ബാരലില്‍നിന്ന് 2030-ല്‍ 6.8 ദശലക്ഷം ബാരലും 2050-ല്‍ 7.8ദശലക്ഷം ബാരലുമായും ഉയരും.
ഇന്ത്യയില്‍ ഊര്‍ജോപയോഗം വര്‍ധിക്കുന്നതിനും എയര്‍കണ്ടീഷനര്‍ ഉടമസ്ഥത വര്‍ധിക്കുന്നതിനും കാരണമുണ്ട്. അടിക്കടിയുണ്ടാകുന്ന ഉഷ്ണതരംഗങ്ങള്‍ ഊര്‍ജാവകാശം കൂട്ടുന്നുണ്ട്.
ഐഇഎ കണക്കുപ്രകാരം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഇന്ത്യ 700 ലധികം ഉഷ്ണ്തരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.ഇത് 17000 ലധികം ജീവനുകള്‍ നഷ്ടപ്പെടുത്തി.
ഇതിനു പുറമേ വര്‍ദ്ധിച്ചുവരുന്ന വരുമാനവും ഇന്ത്യയിലെ എയര്‍കണ്ടീഷണര്‍ ഉടമസ്ഥത വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്.
ഇതോടൊപ്പം ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇരുമ്പ്,സ്റ്റീല്‍,സിമൻ്റ് എന്നിവയുടെ ഉല്പാദനം ഇരട്ടിയാവും. ഇതിൻ്റെ ഫലമായി 2050 ഓടെ എണ്ണയുടെയും പ്രകൃതി വാതകങ്ങളുടെയും ആവശ്യം 70 ശതമാം കണ്ടു വര്‍ധിക്കുകയും കല്‍ക്കരിയുടെ ആവശ്യകത 10 ശതമാനം വര്‍ധിക്കുകയും ചെയ്യും.
തല്‍ഫലമായി,2050 ഓടെ ഇന്ത്യയുടെ വാര്‍ഷിക കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം 30 ശതമാനം ഉയരുമെന്നും,അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യകത മറ്റു ലോക രാജ്യങ്ങളേക്കാളും കൂടുതലായിരിക്കുമെന്നും ഐഇഎ യുടെ പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ താപനില 25 ഡിഗ്രി സെല്‍ഷ്യസിലും കൂടുതലായതിനാല്‍ എസിയുടെയും കൂളിംഗ് ഉപകരണങ്ങളുടെയും ഉടമസ്ഥതയിലും ഉപയോഗത്തിലും ഉള്ള വളര്‍ച്ചയാണ് ഊര്‍ജത്തിൻ്റെ ഡിമാന്‍ഡ് ഉയരാനുള്ള മുഖ്യകാരണമായി ഐഇഎ പറയുന്നത്.