26 Jan 2022 5:04 PM IST
Summary
ജനീവ: മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ച ജി ഡി പി 8.4% ല്‍ നിന്ന് ഇടിവ് രേഖപ്പെടുത്തുമെങ്കിലും 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.5% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐക്യരാഷ്ട്ര സഭ. കല്‍ക്കരി ക്ഷാമം, ഉയര്‍ന്ന എണ്ണവില തുടങ്ങിയവ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടെങ്കിലും വേഗത്തിലുള്ള വാക്‌സിനേഷന്‍ പ്രക്രയകള്‍ പുരോഗമിക്കുന്നതിനാൽ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് ഉറച്ച പാതയിലാണെന്ന് യുഎന്‍ അഭിപ്രായപ്പെട്ടു. യുനൈറ്റഡ് നേഷന്‍സ് വേള്‍ഡ് എക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്‌പെക്ട്‌സ് (WESP) റിപ്പോര്‍ട്ട് പ്രകാരം 2022 സാമ്പത്തിക […]
ജനീവ: മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ച ജി ഡി പി 8.4% ല്‍ നിന്ന് ഇടിവ് രേഖപ്പെടുത്തുമെങ്കിലും 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.5% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐക്യരാഷ്ട്ര സഭ.
കല്‍ക്കരി ക്ഷാമം, ഉയര്‍ന്ന എണ്ണവില തുടങ്ങിയവ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടെങ്കിലും വേഗത്തിലുള്ള വാക്‌സിനേഷന്‍ പ്രക്രയകള്‍ പുരോഗമിക്കുന്നതിനാൽ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് ഉറച്ച പാതയിലാണെന്ന് യുഎന്‍ അഭിപ്രായപ്പെട്ടു.
യുനൈറ്റഡ് നേഷന്‍സ് വേള്‍ഡ് എക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്‌പെക്ട്‌സ് (WESP) റിപ്പോര്‍ട്ട് പ്രകാരം 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.5 ശതമാനമായി വളരുമെന്നും എന്നാൽ 2023 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 5.9 ശതമാനത്തിലേക്ക് കുറയുമെന്നും പറയുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശക്തമായ കയറ്റുമതി വളര്‍ച്ചയും പൊതുനിക്ഷേപവും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പടുത്താന്‍ സഹായിച്ചു. എങ്കിലും ഉയർന്ന എണ്ണ വിലയും കൽക്കരിയുടെ ദൗർലഭ്യവും ഈ വളർച്ചയെ തടസ്സപ്പെടുത്തുന്നുണ്ട്.
സാമ്പത്തിക വ്യവസ്ഥയുടെ വീണ്ടെടുക്കലിനും സമഗ്രമായ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ദുര്‍ബലാവസ്ഥയിലാണെങ്കിലും 2008-09 ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള തകര്‍ച്ചയുടെ ആഘാതത്തില്‍ നിന്നും മെച്ചപ്പെട്ട നിലയിലേക്കാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ നീങ്ങുന്നത്. ബാ ങ്കുകളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നീക്കങ്ങളും ബാഹ്യകാരണങ്ങളുമാണ് ഈ വളർച്ചയെ സഹായിച്ചത്.
എങ്കിലും, പൊതു-സ്വകാര്യ കടങ്ങളില്‍ നിന്നുള്ള വലിയ പ്രത്യാഘാതങ്ങള്‍ അല്ലെങ്കില്‍ തൊഴില്‍ വിപണികളിലെ സ്ഥിരമായ പ്രശ്നങ്ങൾ എന്നിവ രാജ്യത്തിന്റെ വളർച്ചയെയും ദാരിദ്രം കുറക്കുന്നതിനുള്ള ശ്രമങ്ങളെ പിന്നോട്ട് വലിക്കാൻ സാധ്യതയുണ്ട്.
2021 ന്റെ രണ്ടാം പകുതിയില്‍ നിയന്ത്രിത ഭക്ഷ്യവില ഉയര്‍ന്ന എണ്ണവിലയ്ക്ക് പരിഹാരമായതു പോലെ ഈ രീതി തുടരുന്നതിനാൽ 2022-ല്‍ ഇന്ത്യയില്‍ പണപ്പെരുപ്പം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. എന്നിരുന്നാലും, പ്രവചനാതീതമായ കാലാവസ്ഥ, വിതരണ തടസ്സങ്ങള്‍, ഉയര്‍ന്ന ഭക്ഷ്യവില എന്നിവ ഭക്ഷ്യസുരക്ഷ ദുര്‍ബലമാക്കുകയും യഥാര്‍ഥ വരുമാനം കുറയ്ക്കുകയും പട്ടിണി വളര്‍ത്തുകയും ചെയ്യുമെന്ന് യു എൻ മുന്നറിയിപ്പ് നൽകുന്നു.
കോവിഡിനെ തുരത്തുന്നതിനായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നത് പോലെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചില്ലെങ്കില്‍ ലോക സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരമായ തിരിച്ചുവരവിന് ഭീഷണിയാകുമെന്നും ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടു.