20 Aug 2025 12:27 PM IST
Summary
കമ്പനിയുടെ മൊത്ത വരുമാനം 225.72 കോടി രൂപയായി
ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്‌സി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് 2025 ജൂണ്‍ 30-ന് അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. വരുമാനം, ലാഭം, കൈകാര്യം ചെയ്യുന്ന ആസ്തികള്‍ എന്നിവയില്‍ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയിലെ സ്വര്‍ണ്ണ വായ്പാ മേഖലയിലെ നേതൃത്വസ്ഥാനം കമ്പനി കൂടുതല്‍ ശക്തിപ്പെടുത്തി.
2026 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 225.72 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇത് 185.56 കോടി രൂപയായിരുന്നു. ഈ പാദത്തിലെ അറ്റാദായം 30.14 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 23.52 കോടി രൂപയായിരുന്നു.
2025 ജൂണ്‍ 30-ലെ കണക്കനുസരിച്ച് കൈകാര്യം ചെയ്ത ആസ്തികള്‍ 4,477.66 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ ഇത് 3,524.94 കോടി രൂപയായിരുന്നു. കൈകാര്യം ചെയ്യുന്ന ആസ്തികളുടെ 92.7 ശതമാനം വരുന്ന 4,153.70 കോടി രൂപ സ്വര്‍ണ്ണ വായ്പ പോര്‍ട്ട്‌ഫോളിയോയില്‍ നിന്നാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ മുത്തൂറ്റ് മിനി പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ശക്തമായ രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 21.64 ശതമാനം വര്‍ധിച്ചു. അറ്റാദായം 28.15 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അതോടൊപ്പം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 27.03 ശതമാനം വര്‍ധിച്ചു.
മൂലധന വിപണി നല്ല വളര്‍ച്ച കൈവരിക്കുന്ന ഈ സമയത്ത് ഈ മുന്നേറ്റത്തിന് മികച്ച സംഭാവന നല്‍കുന്ന ഒരു പ്രധാന ഘടകമാണ് ഗോള്‍ഡ് ലോണ്‍ മേഖല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രത്യേകിച്ച് ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളിലുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വായ്പാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതിലായിരുന്നു തങ്ങളുടെ ശ്രദ്ധയെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റ് മിനി മൊബൈല്‍ ആപ്പ് സേവനങ്ങള്‍, ഓണ്‍ലൈന്‍ സ്വര്‍ണ്ണ വായ്പ തിരിച്ചടവ്, തല്‍ക്ഷണ വായ്പ വിതരണം തുടങ്ങിയ ഡിജിറ്റല്‍ പദ്ധതികളിലൂടെ ഉപഭോക്തൃാനുഭവം മെച്ചപ്പെടുത്തിയിട്ടുണ്ട്. 2025 ജൂണ്‍ 30-ലെ കണക്കനുസരിച്ച് 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കമ്പനിക്ക് 958 ശാഖകളുണ്ട്.