image

29 Aug 2025 4:49 PM IST

Economy

കാര്‍ഷിക-സേവന മേഖലകള്‍ ഇന്ത്യയെ നയിക്കും

MyFin Desk

കാര്‍ഷിക-സേവന മേഖലകള്‍ ഇന്ത്യയെ നയിക്കും
X

Summary

ധനകമ്മി കുറച്ചതും സര്‍ക്കാരിന്റെ മൂലധന വിനിയോഗം ഉയര്‍ന്നതും ഗുണകരം


2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 7 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. വളര്‍ച്ചയെ നയിക്കുക കാര്‍ഷിക-സേവന മേഖലയെന്ന് റിപ്പോര്‍ട്ട്.

ധനകമ്മി കുറച്ചതും സര്‍ക്കാരിന്റെ മൂലധന വിനിയോഗം ഉയര്‍ന്നതുമാണ് ആദ്യ പാദത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാവുന്നത്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ജിഡിപി വളര്‍ച്ച 6.5 ശതമാനമായിരുന്നു. അതായത് വാര്‍ഷികാടിസ്ഥാനത്തില്‍ ജിഡിപിയില്‍ മുന്നേറ്റമാണ് ഇത്തവണ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പ്രവചിക്കുന്നത്. ഒരു സമ്പദ് വ്യവസ്ഥയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യം അളക്കുന്ന സാമ്പത്തിക സൂചകമാണ് ജിവിഎ. കാര്‍ഷിക മേഖലയില്‍ ജിവിഎ 6 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. മുന്‍ പാദത്തിലെ 5.4 ശതമാനത്തില്‍ നിന്നുള്ള ഉയര്‍ച്ചയാണിത്. പൊതുഭരണം (10.2 ശതമാനം), ധനകാര്യ സേവനങ്ങള്‍ (8.8 ശതമാനം) എന്നിവ നയിക്കുന്ന സേവന മേഖലയുടെ ജിവിഎ 7.8 ശതമാനമാവുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേസമയം വളര്‍ച്ചാ വെല്ലുവിളി നേരിടുക വ്യവസായ മേഖലയാണ്. 2025ല്‍ നാലാം പാദത്തില്‍ വ്യവസായ മേഖല 6.5 ശതമാനം വളര്‍ന്നിരുന്നു. അത് 4.9 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. കൂടാതെ യുഎസ് താരിഫ് ആഘാതം മൂലമുണ്ടാകുന്ന നഷ്ടസാധ്യതകളും നിക്ഷേപ വീണ്ടെടുക്കല്‍ വൈകുന്നതും കാരണം രണ്ടാം പാദം മുതല്‍ വളര്‍ച്ച 6 ശതമാനത്തില്‍ താഴെയാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

മറ്റ് ഏഷ്യന്‍ സമ്പദ്വ്യവസ്ഥകള്‍ കയറ്റുമതി മേഖലയെ ആശ്രയിച്ചാണ് മുന്നോട്ട് പോവുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗോള വ്യാപാര ആഘാതങ്ങള്‍ ഇന്ത്യയില്‍ നേരിയ രീതിയിലെ പ്രതിഫലിക്കു. നിര്‍മാണ മേഖലയിലെ കയറ്റുമതിയില്‍ കുറവുണ്ട്. എന്നാല്‍ അതിനെ സേവന മേഖലയിലെ ശക്തമായ കയറ്റുമതി മറികടക്കുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ റിപ്പോ നിരക്കില്‍ 100 ബിപിഎസ് പോയിന്റിന്റെ കുറവുണ്ടായിട്ടുണ്ട്. പണപ്പെരുപ്പം താഴ്ന്ന നിലയില്‍ തുടര്‍ന്നാല്‍ വീണ്ടും നിരക്ക് കുറവ് റിസര്‍വ് ബാങ്ക് വരുത്തും. ഇത് വ്യവസായ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം എത്താന്‍ സഹായിക്കും. ശക്തമായ സ്വകാര്യ നിക്ഷേപം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കും. കൂടാതെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് വരും വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചയെ അനുകൂലമായി ബാധിക്കുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.