image

17 April 2025 11:49 AM IST

Economy

താരിഫ്; ട്രംപിനെ ചോദ്യം ചെയ്ത് കാലിഫോര്‍ണിയ കോടതിയിലേക്ക്

MyFin Desk

താരിഫ്; ട്രംപിനെ ചോദ്യം ചെയ്ത്  കാലിഫോര്‍ണിയ കോടതിയിലേക്ക്
X

Summary

  • ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ കാലിഫോര്‍ണിയയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി
  • പ്രസിഡന്റ് തന്റെ അധികാരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് വാദം


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകളെ നിയമപരമായി ചോദ്യം ചെയ്ത് കാലിഫോര്‍ണിയ. താരിഫ് നയത്തിനെതിരെ സംസ്ഥാനം ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തീരുവ ചുമത്തുന്നതില്‍ ട്രംപ് തന്റെ നിയമപരമായ അധികാരം മറികടന്നുവെന്ന് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ഭരണകൂടം വാദിക്കുന്നു.

ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ കാലിഫോര്‍ണിയയ്ക്കും വിശാലമായ യുഎസ് സമ്പദ്വ്യവസ്ഥയ്ക്കും സാമ്പത്തിക നാശനഷ്ടമുണ്ടാക്കി എന്ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഫയല്‍ ചെയ്ത കേസില്‍ ഗവര്‍ണര്‍ ന്യൂസം, അറ്റോര്‍ണി ജനറല്‍ റോബ് ബോന്റ എന്നിവര്‍ വാദിക്കുന്നു.

കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ താരിഫുകള്‍ നടപ്പിലാക്കുന്നതിലൂടെ പ്രസിഡന്റ് തന്റെ അധികാരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

ഏപ്രില്‍ 2 ന്, ട്രംപ് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതികള്‍ക്ക് 10 ശതമാനം അടിസ്ഥാന തീരുവ ചുമത്തി, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കാര്യമായ തടസ്സങ്ങളുണ്ടെന്ന് ഭരണകൂടം കരുതുന്ന രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ ഏര്‍പ്പെടുത്തി. ആ ഉയര്‍ന്ന തീരുവകളില്‍ ഭൂരിഭാഗവും പിന്നീട് 90 ദിവസത്തേക്ക് നിര്‍ത്തിവച്ചു.

എന്നാല്‍ ട്രംപ് ഭരണകൂടം ചൈനയ്ക്ക് ഒരു ഇളവും നല്‍കിയില്ല. ചില ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഒഴികെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ തീരുവ ചുമത്തി. ഉയര്‍ന്ന താരിഫ് ചുമത്തി ചൈന തിരിച്ചടിച്ചിട്ടുമുണ്ട്. യൂറോപ്യന്‍ യൂണിയനും യുഎസിനെതിരെ പ്രതികാര താരിഫുകള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് നടപ്പാക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ചിരുക്കുകയാണ്.

താരിഫുകളെ ന്യായീകരിക്കാന്‍ ട്രംപ് 1977 ലെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമത്തെയാണ് കൂട്ടുപിടിച്ചത്. ദേശീയ സുരക്ഷയ്ക്കായി അസാധാരണ ഭീഷണികളെ നേരിടാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് നിയമം.

എന്നാല്‍ കാലിഫോര്‍ണിയയുടെ കേസ് ഈ വ്യാഖ്യാനത്തെ എതിര്‍ക്കുന്നു. 1977 ലെ നിയമം ഒരു പ്രസിഡന്റിന് ഈ പരിധിയിലുള്ള വ്യാപാര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും താരിഫുകളില്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കാനും അധികാരം നല്‍കുന്നില്ലെന്ന് വാദിക്കുന്നു.

ഒരു രാജ്യമാണെങ്കില്‍ ലോകത്തിലെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണ് കാലിഫോര്‍ണിയ. താരിഫുകള്‍ കാലിഫോര്‍ണിയയെ നേരിട്ട് ബാധിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിന്റെ നിയമപരമായ ഫയലിംഗ് ചൂണ്ടിക്കാണിക്കുന്നു. ചൈന, മെക്‌സിക്കോ, കാനഡ എന്നിവയുമായുള്ള അതിന്റെ പ്രധാന വ്യാപാര ബന്ധങ്ങള്‍ തടസ്സപ്പെട്ടു. താരിഫ് നടപ്പാക്കല്‍ തുടരുന്നത് കൂടുതല്‍ ദോഷം വരുത്തുമെന്നും സംസ്ഥാനം വാദിക്കുന്നു.