30 Jun 2023 5:28 PM IST
Summary
- കഴിഞ്ഞ വര്‍ഷം മേയ് അവസാനത്തിലിത് 12.3 ശതമാനമായിരുന്നു.
- ബജറ്റ് ലക്ഷ്യം വെക്കുന്നത് ജിഡിപിയുടെ 5.9 ശതമാനമായി കുറയ്ക്കാന്‍
- 2 മാസങ്ങളിലെ ചെലവ് ബജറ്റ് എസ്റ്റിമേറ്റിന്റെ 13.9 ശതമാനം
മേയ് അവസാനത്തിലെ കണക്കുപ്രകാരം കേന്ദ്രസർക്കാരിന്റെ ധനക്കമ്മി നടപ്പു സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്‍റെ 11.8 ശതമാനത്തിലെത്തി. മുന്‍ സാമ്പത്തിക വർഷം മേയ് അവസാനത്തില്‍ ഇത് 12.3 ശതമാനമായിരുന്നു. കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സിന്റെ (സിജിഎ) കണക്കുകൾ പ്രകാരം 2023 മെയ് അവസാനത്തിൽ 2,10,287 കോടി രൂപയുടെ ധനക്കമ്മി ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. സർക്കാരിന്റെ മൊത്തം ചെലവും വരുമാനവും തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി. സർക്കാരിന് ആവശ്യമായ മൊത്തം വായ്പയെ കുറിച്ചുള്ള സൂചന കൂടിയാണിത്.
2023-24 സാമ്പത്തിക വർഷത്തിലെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 5.9 ശതമാനമായി കുറയ്ക്കാനുള്ള ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് 17.86 ലക്ഷം കോടി രൂപയുടെ ധനക്കമ്മിയാണ് പ്രതീക്ഷിക്കുന്നത്. 2022-23 ൽ ജിഡിപിയുടെ 6.4 ശതമാനമായിരുന്നു കമ്മിയായി രേഖപ്പെടുത്തിയത്, 6.71 ശതമാനമായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിനായി നേരത്തേ നടത്തിയിരുന്ന എസ്റ്റിമേറ്റ്. ന
2023-24ലെ ആദ്യ രണ്ട് മാസങ്ങളിലെ കേന്ദ്ര സര്‍ക്കാരിന്‍റെ അറ്റ നികുതി വരുമാനം 2.78 ലക്ഷം കോടി രൂപയാണ്. ഇത് ബജറ്റ് എസ്റ്റിമേറ്റിന്‍റെ 11.9 ശതമാനമാണെന്നും സിജിഎ വ്യക്തമാക്കുന്നു. ഇക്കാലയളവിലെ മൊത്തം ചെലവ് 6.25 ലക്ഷം കോടി രൂപ അഥവാ എസ്റ്റിമേറ്റിന്റെ 13.9 ശതമാനം ആണ്.