21 April 2025 11:52 AM IST
Summary
- താരിഫ് ഇളവുകള്‍ക്ക് പകരമായി ചൈനയുമായുള്ള വ്യാപാരം നിയന്ത്രിക്കാന്‍ യുഎസ് സമ്മര്‍ദ്ദം
- പ്രീണനം സമാധാനം കൊണ്ടുവരില്ലെന്നും, വിട്ടുവീഴ്ച ബഹുമാനത്തിലേക്ക് നയിക്കില്ലെന്നും ചൈന
ചൈനീസ് താല്‍പ്പര്യങ്ങളുടെ ചെലവില്‍ അമേരിക്കയുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്ക് ബെയ്ജിംഗിന്റെ മുന്നറിയിപ്പ്. അത്തരം രാജ്യങ്ങള്‍ക്കെതിരെ പ്രതികാര നടപടികള്‍ കൈക്കൊള്ളും എന്ന് ബെയ്ജിംഗിന്റെ വാണിജ്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. താരിഫ് ഇളവുകള്‍ക്ക് പകരമായി ചൈനയുമായുള്ള വ്യാപാര ബന്ധം നിയന്ത്രിക്കാന്‍ മറ്റ് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ യുഎസ് ശ്രമിക്കുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം.
ചൈനയുടെ താല്‍പ്പര്യങ്ങള്‍ നഷ്ടപ്പെടുത്തി യുഎസും അതിന്റെ വ്യാപാര പങ്കാളികളും തമ്മിലുള്ള ഏത് കരാറിനെയും ബെയ്ജിംഗ് ശക്തമായി എതിര്‍ക്കും. ചൈനയ്ക്ക് അത് പരിഹരിക്കാനുള്ള അവകാശമുണ്ടെന്നും അതിന്റെ നിയമാനുസൃത അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കാനുള്ള കഴിവുണ്ടെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
'പരസ്പര സഹകരണം' എന്ന പേരില്‍, അടുത്തിടെ അമേരിക്ക തങ്ങളുടെ എല്ലാ വ്യാപാര പങ്കാളികള്‍ക്കും മേല്‍ ഏകപക്ഷീയമായി താരിഫ് ചുമത്തുകയും 'പരസ്പര താരിഫ്' ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ അവരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തുവെന്ന് വക്താവ് പറഞ്ഞു.
ചൈനയുമായുള്ള വ്യാപാരത്തില്‍ പുതിയ തടസ്സങ്ങള്‍ ഏര്‍പ്പെടുത്താന്‍വേണ്ടി താരിഫ് ചര്‍ച്ചകള്‍ ഉപയോഗിക്കാന്‍ യുഎസ് പദ്ധതിയിടുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീരുവകള്‍ ചുമത്തിയ നിരവധി രാജ്യങ്ങള്‍, ലാഭകരമായ യുഎസ് വിപണിയിലേക്ക് പ്രവേശിക്കുന്നതിനായി വാഷിംഗ്ടണുമായി ഉഭയകക്ഷി വ്യാപാര കരാറുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ചൈനയുടെ കടുത്ത നിലപാട്.
ജപ്പാന്‍, ആസിയാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് ചൈനയുമായും യുഎസുമായും ലാഭകരമായ വ്യാപാരമുണ്ട്. ചൈനയുടെ ഉറച്ച നിലപാട് ഈ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കും.
ആസിയാന്‍ രാജ്യങ്ങളായ വിയറ്റ്‌നാം, മലേഷ്യ, കംബോഡിയ എന്നിവയുമായുള്ള ബെയ്ജിംഗിന്റെ മികച്ച വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് അവിടേക്കുള്ള ഒരു ഉന്നത സന്ദര്‍ശനം പൂര്‍ത്തിയാക്കിരുന്നു.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ അവരുടെ വിപണികളിലേക്ക് കൂടുതല്‍ പ്രവേശനം നേടുന്നതിനായി ട്രംപ് ചൈനയ്ക്കെതിരെ 245 ശതമാനം തീരുവയാണ് ചുമത്തിയത്. മറ്റ് രാജ്യങ്ങള്‍ക്കെതിരായ തീരുവ നടപ്പാക്കുന്നത് 90 ദിവസത്തേക്ക് യുഎസ് നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ഈ കാലയളവില്‍ ആ രാജ്യങ്ങള്‍ക്ക് യുഎസുമായി ഒരു വ്യാപാര കരാറിലെത്താനുള്ള സമയമാണ്.
ഇതിനു പകരമായി ചൈനയും യുഎസ് ഇറക്കുമതിക്ക് വന്‍ നികുതി ചുമത്തിയിട്ടുണ്ട്. അതിനുപുറമേ യുഎസ് പ്രതിരോധ വ്യവസായത്തിന് നിര്‍ണായകമായ അപൂര്‍വ ഭൂമി ലോഹങ്ങളുടെ കയറ്റുമതി ചൈന നിയന്ത്രിക്കുകയും ചെയ്തു.
പ്രീണനം സമാധാനം കൊണ്ടുവരില്ലെന്നും, വിട്ടുവീഴ്ച ബഹുമാനത്തിലേക്ക് നയിക്കില്ലെന്നും ചൈന യുഎസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.