25 Jun 2025 2:08 PM IST
Summary
- കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യയുടെ കയറ്റുമതി കൂടാനിടയില്ല
- വ്യാപാര കമ്മി കുറയ്ക്കുക എന്നതാണ് യുഎസ് ലക്ഷ്യം
യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര കരാറുകള്‍ ആ രാജ്യവുമായുള്ള ഇന്ത്യയുടെ ചരക്ക് വ്യാപാര മിച്ചം കുറയ്ക്കുമെന്ന് ക്രിസില്‍.
ഇന്ത്യന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം, 2024-25 സാമ്പത്തിക വര്‍ഷത്തില്‍, യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാര മിച്ചം 41.18 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. വ്യാപാര കരാര്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം, ചില കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി പങ്കാളിയാണ് യുഎസ്. എങ്കിലും, സ്മാര്‍ട്ട്ഫോണുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കയറ്റുമതി കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
2025 ഏപ്രിലില്‍ ഇന്ത്യയ്ക്കും മറ്റ് നിരവധി രാജ്യങ്ങള്‍ക്കും മേല്‍ പരസ്പര താരിഫ് പ്രഖ്യാപിച്ച യുഎസ്, തുടര്‍ന്ന് ഈ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഏപ്രില്‍ 10 മുതല്‍ 90 ദിവസത്തേക്ക് വര്‍ദ്ധനവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ബിടിഎ രൂപത്തില്‍ ഇന്ത്യ യുഎസുമായി ഒരു വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍, ഈ വര്‍ഷം സെപ്റ്റംബറോടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബിടിഎ പ്രകാരം യുഎസില്‍ നിന്നും കൂടുതല്‍ ഇറക്കുമതികളും ഉണ്ടാകും. കാരണം ഇന്ത്യയുടെ താരിഫ് യുഎസിനേക്കാള്‍ വളരെ കൂടുതലാണ്.ഇവ കുറയ്ക്കുന്നത് യുഎസിലെ കയറ്റുമതിക്കാര്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ വര്‍ധന ഉണ്ടാകാനിടയില്ല. കാരണം ഇന്ത്യയുമായുള്ള വ്യാപാര കമ്മി കുറയ്ക്കുക എന്നതാണ് യുഎസ് ഭരണകൂടത്തിന്റെ ശ്രദ്ധ.