image

14 Sept 2025 9:50 AM IST

Economy

സ്വകാര്യ ഭൂമിയിലെ ചന്ദനമരം വില്‍ക്കാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

MyFin Desk

cabinet approves bill allowing sale of sandalwood trees on private land
X

Summary

സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുമെന്ന് വനംമന്ത്രി


സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിച്ച് വില്‍ക്കാന്‍ ഉടമസ്ഥന് അവസരമൊരുങ്ങുന്നു. വനം വകുപ്പിന്റെ അനുമതിയോടെ സ്വകാര്യ സ്വത്തിലെ ചന്ദനമരങ്ങള്‍ മുറിച്ച് വില്‍ക്കാന്‍ അനുവദിക്കുന്ന കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ബില്ലിന്റെ കരടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്.

സ്വകാര്യ ഭൂമികളിലെ ചന്ദനമരങ്ങള്‍ മുറിച്ച് വില്‍ക്കുന്നതിന് വനം വകുപ്പ് വഴി അനുമതി നല്‍കുന്നതിനും വില്‍പ്പനയുടെ വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കാമെന്ന് സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഗുണനിലവാരമനുസരിച്ച് ഒരു കിലോ ചന്ദനത്തിന് നിലവില്‍ 4,000 മുതല്‍ 7,000 രൂപ വരെയാണ് വിപണി വിലയെന്നും ഇത് ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

'ഇപ്പോള്‍, സ്വന്തം ഭൂമിയില്‍ നിന്ന് ഒരു ചന്ദനമരം മോഷ്ടിക്കപ്പെട്ടാലും, സ്ഥലമുടമയ്ക്കെതിരെ കേസ് ഫയല്‍ ചെയ്യണം. അതുകൊണ്ടാണ് ആളുകള്‍ ചന്ദനമരങ്ങള്‍ നടാന്‍ തയ്യാറാകാത്തത്,' മന്ത്രി പറഞ്ഞു. നിലവിലെ നിയമപ്രകാരം, നാശം സംഭവിച്ചതോ അപകടകരമോ ആയ ചന്ദനമരങ്ങള്‍ മാത്രമേ മുറിക്കാന്‍ അനുവാദമുള്ളൂ.