18 Dec 2025 6:38 PM IST
Indian Market Stable : രൂപയുടെ മൂല്യം ഇടിയുമ്പോഴും ഇന്ത്യൻ വിപണി സ്ട്രോങ്; കാരണമിതാണ്
MyFin Desk
Summary
രൂപയുടെ വീഴ്ച താല്‍ക്കാലികമാണെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം ശക്തമെന്നും വിദഗ്ധര്‍
രൂപയുടെ മൂല്യം ഇടിയുമ്പോഴും ഓഹരി വിപണി തകരാതെ പിടിച്ചുനില്‍ക്കുന്നത് ആഭ്യന്തര നിക്ഷേപകരുടെ കരുത്തിലെന്ന് വിദഗ്ധര്‍. ശക്തമായ ആഭ്യന്തര നിക്ഷേപ ശൃംഖലയാണ് ഇന്ത്യ കെട്ടിപ്പടുത്തിരിക്കുന്നത്. രൂപയുടെ വീഴ്ച താല്‍ക്കാലികമാണെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം ശക്തമാണെന്നുമാണ് ഓഹരി വിപണിയുടെ ഈ നില്‍പ്പ് തെളിയിക്കുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കി.
കറന്‍സി വിപണിയില്‍ ലിക്വിഡിറ്റി കുറവാണെങ്കിലും ഓഹരി വിപണിയില്‍ നിക്ഷേപകരുടെ വന്‍ പങ്കാളിത്തമുണ്ട്. മുന്‍കാലങ്ങളില്‍ വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുമ്പോള്‍ ഇന്ത്യന്‍ വിപണി കൂപ്പുകുത്തുമായിരുന്നു. എന്നാല്‍ ഇന്ന് ചിത്രം മാറി. രൂപ തകര്‍ന്നപ്പോഴും നിഫ്റ്റി 25,250 - 26,300 എന്ന ശക്തമായ റേഞ്ചില്‍ തന്നെ തുടരുകയാണ്.
കരുത്തായി സാധാരണക്കാരുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം
ഇന്ത്യയിലെ സാധാരണക്കാരായ നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളിലൂടെ നടത്തുന്ന നിക്ഷേപം വിദേശികളുടെ വില്‍പന സമ്മര്‍ദ്ദത്തെ ഫലപ്രദമായി നേരിടുന്നു എന്നതിന്റെ സൂചനയാണിത്.വിദേശികള്‍ വില്‍ക്കുന്ന ഓഹരികള്‍ ഇന്ത്യന്‍ സ്ഥാപന നിക്ഷേപകര്‍ വാങ്ങി വിപണിയെ ബാലന്‍സ് ചെയ്യുന്നു. വിപണി താഴേക്ക് പോകുമ്പോഴെല്ലാം നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ തയ്യാറാകുന്നുണ്ടെമ്മ് എന്റിച്ച് മണി സി.ഇ.ഒ പൊന്മുടി ആര്‍. ചൂണ്ടിക്കാട്ടുന്നു.
രൂപയുടെ മൂല്യം ഇടിയുന്നത് ഐടി , ഫാര്‍മ തുടങ്ങിയ കയറ്റുമതി മേഖലകള്‍ക്ക് ലാഭമുണ്ടാക്കുന്നു. വരുമാനം ഡോളറില്‍ ലഭിക്കുന്ന ഈ കമ്പനികള്‍ക്ക് രൂപ ദുര്‍ബലമാകുന്നത് ഗുണകരമാണ്. ആര്‍.ബി.ഐ ഉടന്‍ ഇടപെടാതിരുന്നത് മനപൂര്‍വ്വമാണെന്നും ഫണ്ടമെന്റല്‍ അനലിസ്റ്റ് അവിനാഷ് ഗോരക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി പരിഷ്‌കാരങ്ങളും നികുതി ഘടനയിലെ ലാളിത്യവും ഇന്ത്യന്‍ കമ്പനികളുടെ ബാലന്‍സ് ഷീറ്റ് കൂടുതല്‍ ശക്തമാക്കി.
ഈ ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയിലുള്ള വിശ്വാസമാണ് വിപണിയെ താങ്ങിനിര്‍ത്തുന്നത്.മൂന്നാമതായി മ്യൂച്വല്‍ ഫണ്ടുകളുടെ എക്സ്പെന്‍സ് റേഷ്യോ കുറച്ചതും വിപണിയില്‍ കൂടുതല്‍ ലിക്വിഡിറ്റി ഉറപ്പാക്കുന്ന നയങ്ങള്‍ സ്വീകരിച്ചതും വലിയ മാറ്റമുണ്ടാക്കിയെന്നും വിദഗ്ധര്‍ പറയുന്നു.
വിപണിയില്‍ പണമൊഴുക്ക് നിലയ്ക്കാത്തതിനാല്‍ നിഫ്റ്റി റേഞ്ചില്‍ തന്നെ തുടരുന്നു. ഇതിനുപുറമെ, ആര്‍.ബി.ഐ കരുതലോടെ വിദേശ നാണ്യശേഖരം ഉപയോഗിച്ച് രൂപയുടെ തകര്‍ച്ച നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും വിപണിക്ക് ആത്മവിശ്വാസം നല്‍കുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
