18 Sept 2025 4:54 PM IST
Summary
ഈ വര്‍ഷം മൂന്ന് തവണകൂടി നിരക്ക് കുറച്ചേക്കുമെന്ന് ജെറോം പവല്‍
ഫെഡ് റിസര്‍വിന്റെ നിരക്ക് കുറയ്ക്കലില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ വിപണി. ഓഹരി വിപണിയ്ക്കൊപ്പം റിയല്‍ എസ്റ്റേറ്റും ബോണ്ട് മാര്‍ക്കറ്റും നേട്ടമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. 25 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തി എന്നതിനേക്കാള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത് ജെറോം പവലിന്റെ പ്രഖ്യാപനമാണ്. മൂന്ന് തവണകളില്‍ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് പവല്‍ വ്യക്തമാക്കിയത്.
ഇത്തരത്തില്‍ ഫെഡ് നിരക്ക് കുറയ്ക്കുമ്പോള്‍ വായ്പ പലിശ കുറയും. വിദേശത്ത് നിന്ന് വായ്പ എടുക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് വലിയ ആശ്വാസമാണ് നല്‍കുക. പലിശ ഭാരത്തിലെ കുറവ് പണലഭ്യത ഉറപ്പാക്കും. നിരക്ക് കുറയുന്നതിനാല്‍ അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത ഉയരും. ഉപഭോഗ ഡിമാന്‍ഡ് ഉയരുന്നതും അമേരിക്കയിലേക്കുള്ള ഇറക്കുമതി ചെലവ് കുറയുന്നതിനാലുമാണിത്. ഇതെല്ലാം രാജ്യത്തെ ഇക്വിറ്റികള്‍, ബോണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് മേഖലക്ക് നേട്ടം നല്‍കുമെന്നാണ് ആക്സിസ് സെക്യൂരിറ്റീസിലെ എസ്വിപി രാജേഷ് പാല്‍വിയ പറഞ്ഞത്.
ഓഹരി വിപണിയിലേക്ക് പണമൊഴുക്ക് കൂടും. രൂപ ശക്തിപ്പെടും. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്, ഐടി, മെറ്റല്‍, എഫ്എംസിജി, റീട്ടെയില്‍, ഡ്യൂറബിള്‍സ് എന്നിവയുള്‍പ്പെടെ നിരവധി മേഖലകളിലെ ഓഹരികള്‍ക്ക് ഗുണം ചെയ്യുമെന്ന് ട്രേഡ്ജിനിയുടെ സിഒഒ ത്രിവേശ് വ്യക്തമാക്കി.ഇന്ത്യ ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുമെന്നാണ് മാസ്റ്റര്‍ ട്രസ്റ്റ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ പുനീത് സിംഘാനിയയും പറഞ്ഞു.