19 Jun 2025 9:37 AM IST
Summary
പലിശ നിരക്ക് 4.25 ശതമാനം മുതല്‍ 4.5 ശതമാനം വരെയാണ്
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി വീണ്ടും അടിസ്ഥാന പലിശ നിരക്ക് നിലനിര്‍ത്താന്‍ തീരുമാനിച്ചു. പലിശ നിരക്ക് 4.25 ശതമാനം മുതല്‍ 4.5 ശതമാനം വരെയാണ്. നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുന്ന തുടര്‍ച്ചയായ നാലാമത്തെ യോഗമാണിത്. കമ്മിറ്റിയിലെ വോട്ടിംഗ് അംഗങ്ങള്‍ ഈ തീരുമാനത്തെ ഏകകണ്ഠമായി പിന്തുണച്ചു.
യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍, ഫെഡ്, പണപ്പെരുപ്പം ഒരു പരിധിവരെ ഉയര്‍ന്നതായി സൂചിപ്പിക്കുന്നു. തൊഴിലില്ലായ്മ നിരക്ക് താഴ്ന്ന നിലയിലാണ് എന്നും 'തൊഴില്‍ വിപണി സാഹചര്യങ്ങള്‍ ഉറച്ച നിലയിലാണെന്നും ഇത് കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷാവസാനം രണ്ട് നിരക്ക് കുറവുകള്‍ ഉണ്ടായേക്കാമെന്നും ഫെഡ് സൂചിപ്പിച്ചു. യുഎസില്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്നും സാമ്പത്തിക വളര്‍ച്ച ഇടിയുമെന്നുമാണ് ഫെഡിന്റെ വിലിയരുത്തല്‍. ഇക്കാരണത്താലാണ് പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയത്.
പലിശ കുറയ്ക്കണം എന്ന് ശക്തമായി ആവശ്യപ്പെടുന്ന നേതാവായിരുന്നു ട്രംപ്. എന്നാല്‍ ട്രംപിന്റെ ആവശ്യങ്ങള്‍ക്ക് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വഴങ്ങിയില്ല.
സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന ആശങ്കകള്‍ക്കിടയിലും, ഫെഡ് നിരക്കുകള്‍ സ്ഥിരമായി നിലനിര്‍ത്തുമെന്ന് വ്യാപകമായി പ്രതീക്ഷിച്ചിരുന്നു. മീറ്റിംഗിന് മുന്നോടിയായി, സിഎംഇ ഫെഡ് വാച്ച് ടൂള്‍, വിപണി പങ്കാളികളില്‍ ഏകദേശം ഭൂരിഭാഗം പേരും പ്രധാന വായ്പാ നിരക്കില്‍ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സൂചിപ്പിച്ചിരുന്നു.
പ്രധാന വ്യാപാര പങ്കാളികള്‍ക്കുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 90 ദിവസത്തെ താരിഫ് താല്‍ക്കാലികമായി നിര്‍ത്തല്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍, കേന്ദ്ര ബാങ്ക് ജാഗ്രത പുലര്‍ത്തുന്ന നിലപാട് തുടുമെന്നുതന്നെയായിരുന്നു വിലയിരുത്തല്‍.
ട്രംപിന്റെ താരിഫുകളെ ആശ്രയിച്ച്, പണപ്പെരുപ്പം ഉയരുമെന്ന് കരുതപ്പെടുന്നു. കൂടാതെ ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിക്കാത്തത് വിപണിയെ ബാധിക്കുന്നു. ആഗോള എണ്ണവില അടക്കം ഉയരുകയാണ്. ഇതില്‍ ഫെഡിന് കടുത്ത ആശങ്കയുണ്ട്.