image

2 Dec 2023 2:52 PM IST

Economy

കേരളത്തിന്റെ ജിഎസ്ടി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി

MyFin Desk

കേരളത്തിന്റെ ജിഎസ്ടി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി
X

Summary

  • വിഹിതത്തില്‍നിന്നും 332 കോടി കുറച്ചതായാണ് ആരോപണം
  • ഐജിഎസ്ടി ബാലന്‍സിലെ കുറവ് നികത്തുന്നതിനായുള്ള ന ടപടിയുടെ ഭാഗമായി കുറച്ചു എന്ന് കേന്ദ്രം
  • നവംബറിലെ മൊത്തം ജിഎസ്ടി വരുമാനം 1.68 ലക്ഷംകോടി


കേരളത്തിന്റെ ജിഎസ്ടി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നവംബര്‍ മാസം കിട്ടാനുള്ള തുകയില്‍നിന്നും 332 കോടി കുറച്ചതായാണ് ആരോപണം. അന്തര്‍ സംസ്ഥാന ചരക്ക്, സേവന ഇടപാടുകള്‍ക്കുള്ള നികുതി (ഐജിഎസ്ടി) സെറ്റില്‍മെന്റിന്റെ നവംബറിലെ വിഹിതത്തിലാണു 332 കോടി രൂപ വെട്ടിക്കുറച്ചത്. പാലക്കാട് സംഘടിപ്പിച്ച നവകേരകേരള സദസിനെത്തിയ ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

നവംബറില്‍ കേരളത്തിന് ലഭിക്കേണ്ട വിഹിതം ഏകദേശം 1450കോടി രൂപയാണ്. ഇതില്‍ നിന്നാണ് വെട്ടിക്കുറവ് വരുത്തിയിട്ടുള്ളത്. ഐജിഎസ്ടി ബാലന്‍സിലെ കുറവ് നികത്തുന്നതിനായി മുന്‍കൂര്‍ വിഹിതം ക്രമീകരിക്കുന്നതിന് നവംബറിലെ സെറ്റില്‍മെന്റില്‍ 332 കോടി രൂപയുടെ കുറവു വരുത്തുന്നതായാണ് കേന്ദ്രത്തില്‍നിന്ന് ഇതു സംബന്ധിച്ച് ലഭിച്ച അറിയിപ്പിലുള്ളത്.

നിലവില്‍ കേന്ദ്രം വരുത്തിയ ഈ കുറവ് സംസ്ഥാനത്തെ ധനസ്ഥിതി കൂടുതല്‍ അപകടകരമായ സ്ഥിതിയിലേക്ക് എത്തിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു.

കേരളത്തിനു പുറത്തുനിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കിയ ജിഎസ്ടി യില്‍നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതമാണ് കുറച്ചത്. നിലവില്‍ കേന്ദ്രത്തില്‍ നിന്നും 57,000 കോടി ലഭിക്കാനുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിന്റെ നവംബറില്‍ ലഭിച്ച ജിഎസ്ടി (എസ്ജിഎസ്ടി, ഐജിഎസ്ടി)2515കോടി ലഭിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20ശതമാനം കൂടുതലാണ്.

നവംബറിലെ ജിഎസ്ടി വരുമാനം

അതേസമയം സര്‍ക്കാരിന്റെ ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണം നവംബറില്‍ 1.68 ലക്ഷം കോടിയാണെന്ന് ധനമന്ത്രാലയം അറിയിച്ചു.

സര്‍ക്കാരിന്റെ ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണം നവംബറില്‍ വര്‍ഷം തോറും 15 ശതമാനം ഉയര്‍ന്ന് 1.68 ലക്ഷം കോടി രൂപയായി, ഡിസംബര്‍ ഒന്നിന് ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് വളര്‍ച്ച.

അതേസമയം ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയാണ്. ഇത് ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ രണ്ട്ശതമാനം കുറവാണ്. തുടര്‍ച്ചയായി ഒമ്പതാം മാസമാണ് പ്രതിമാസ ജിഎസ്ടി കളക്ഷന്‍ 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വരുന്നത്.

2023-24 ലെ ശരാശരി പ്രതിമാസ ജിഎടി ശേഖരണം 1.67 ലക്ഷം കോടി രൂപയാണെന്ന് മന്ത്രാലയത്തിന്റെ ഡാറ്റ കാണിക്കുന്നു. പ്രതിമാസ ജിഎസ്ടി കളക്ഷനുകള്‍ വര്‍ഷങ്ങളായി ഉയര്‍ന്നു.

2017-18-ല്‍ പ്രതിമാസം ശരാശരി ഒരു ലക്ഷം കോടി രൂപയില്‍ നിന്ന് നികുതി ശേഖരണം വളര്‍ന്നു. കോവിഡ് കാലത്തിനുശേഷം ശേഖരണം അതിവേഗം ഉയര്‍ന്ന് 2022-23 ല്‍ ശരാശരി 1.51 ലക്ഷം കോടി രൂപയിലെത്തി.

നവംബറിലെ സെന്‍ട്രല്‍ ജിഎസ്ടി 30,420 കോടി രൂപയും സംസ്ഥാന ജിഎസ്ടി 38,226 കോടി രൂപയും ഇന്റഗ്രേറ്റഡ് ജിഎസ്ടി 87,009 കോടി രൂപയും നഷ്ടപരിഹാര സെസ് 12,274 കോടി രൂപയുമാണ്.

കൂടാതെ, സംയോജിത ജിഎസ്ടിയില്‍ നിന്ന് കേന്ദ്ര ജിഎസ്ടിയിലേക്ക് 37,878 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിലേക്ക് 31,557 കോടി രൂപയും സര്‍ക്കാര്‍ തീര്‍പ്പാക്കി. തല്‍ഫലമായി, സെറ്റില്‍മെന്റിന് ശേഷമുള്ള മാസത്തെ മൊത്തം വരുമാനം കേന്ദ്രത്തിന് 68,297 കോടി രൂപയും സംസ്ഥാന ജിഎസ്ടിക്ക് 69,783 കോടി രൂപയുമാണ്.