7 Sept 2025 4:11 PM IST
Summary
കരുതല്‍ ശേഖരത്തിലെ മുന്നേറ്റം കറന്‍സിയ്ക്ക് തുണയാകുമെന്ന് വിലയിരുത്തല്‍
രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം 694.23 ബില്യണ്‍ യുഎസ് ഡോളറിലെത്തി. സ്വര്‍ണ ശേഖരത്തിലും വര്‍ധനയെന്ന് റിസര്‍വ് ബാങ്ക്. രൂപയ്ക്കും കയറ്റുമതി മേഖലയ്ക്കും ഗുണകരമെന്ന് വിദഗ്ധര്‍.
ഓഗസ്റ്റ് 29ന് അവസാനിച്ച ആഴ്ചയിലാണ് വിദേശനാണ്യ കരുതല്‍ ശേഖരം 3.5 ബില്യണ്‍ യുഎസ് ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തിയത്. നേട്ടത്തെ തുണച്ചത് വിദേശ നാണ്യ ആസ്തിയിലെ മുന്നേറ്റമാണെന്നും റിസര്‍വ് ബാങ്ക് ഡേറ്റ വ്യക്തമാക്കി.
വിദേശനാണ്യ ആസ്തികള്‍ 583.937 ബില്യണ്‍ യുഎസ് ഡോളറിലെത്തി. അതായത് 1.7 ബില്യണ്‍ യുഎസ് ഡോളറിന്റെ വര്‍ധന. 2025-ല്‍ ഇതുവരെ, ഫോറെക്സ് കിറ്റി ഏകദേശം 53 ബില്യണ്‍ യുഎസ് ഡോളറിന്റെ സഞ്ചിത വര്‍ദ്ധന കൈവരിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് പറയുന്നു. ഡോളറിനെതിരായ രൂപയുടെ മൂല്യസ്ഥിരത നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് വിദേശ നാണ്യശേഖരം പ്രയോജപ്പെടുത്താറുണ്ട്. മൂല്യം കുത്തനെ ഇടിയുന്നതിന് തടയിടാന്‍ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് എടുക്കാറുള്ളത്. നിലവില്‍ രൂപ എക്കാലത്തെയും വലിയ താഴ്ച നേരിടുകയാണ്. അതുകൊണ്ട് തന്നെ കരുതല്‍ ശേഖരത്തിലെ മുന്നേറ്റം കറന്‍സിയ്ക്ക് തുണയാവുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
കൂടാതെ ഇറക്കുമതി-കയറ്റുമതി സന്തുലിതാവസ്ഥ നിലനിര്‍ത്താനും പണപ്പെരുപ്പം നിയന്ത്രിക്കാനും വിദേശ നാണ്യശേഖരം രാജ്യത്തെ സഹായിക്കും.നിലവില്‍ ഇന്ത്യയുടെ വിദേശ നാണ്യശേഖരം രാജ്യത്തിന്റെ ഒരുവര്‍ഷത്തെ ഇറക്കുമതി ആവശ്യങ്ങള്‍ നിറവേറ്റാനുള്ള തുകയ്ക്ക് തുല്യമാണ്. അതായത്, സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും ഒരുവര്‍ഷത്തേക്ക് രാജ്യത്തിന് പിടിച്ചുനില്‍ക്കാനാകും.