28 Nov 2022 12:05 PM IST
ഡെല്‍ഹി : ആഭ്യന്തര വിപണിയില്‍ വിദേശ നിക്ഷേപം വര്‍ധിക്കുന്നു. നവംബറില്‍ 31,630 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിയത്. പലിശ നിരക്ക് വര്‍ധന അവസാനിപ്പിക്കുമെന്ന പ്രതീക്ഷയും, പൊതുവെ സമ്പദ് വ്യവസ്ഥയില്‍ നിലവിലുള്ള ശുഭകരമായ പ്രവണതയുമാണ് നിക്ഷേപകര്‍ക്ക് പ്രചോദനമാകുന്നത്. ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ വില്പനയ്ക്കായിരുന്നു മുന്‍തൂക്കമെങ്കിലും ഇനിയങ്ങോട്ട് വിറ്റഴിക്കാനുള്ള സാധ്യത കുറവാണ്.
പണപ്പെരുപ്പം നേരിയ അളവില്‍ കുറയുന്നതും, യു എസില്‍ പുറത്തുവന്ന പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക ഡാറ്റയും, നിരക്ക് വര്‍ധനയില്‍ അയവു വരുത്തുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. ഒപ്പം മറ്റു ആഗോള വിപണികള്‍ക്ക് വച്ച് നോക്കുമ്പോള്‍ ആഭ്യന്തര വിപണിയുടെ മുന്നേറ്റവും നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.
നവംബര്‍ 1-25 വരെയുള്ള സമയത്ത് 31,630 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഒക്ടോബറില്‍ 8 കോടി രൂപയുടെയും, സെപ്റ്റംബറില്‍ 7,624 കോടി രൂപയുടെയും ഓഹരികള്‍ വിറ്റഴിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ 51,200 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയിരുന്നത്. ജൂലൈയില്‍ 5,000 കോടി രൂപയുടെ ഓഹരികളും വാങ്ങിയിരുന്നു.
ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നതിനനുസരിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ തുടര്‍ച്ചയായ ഒമ്പതു മാസം വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ആഗോള പ്രതിസന്ധികള്‍ ഇപ്പോഴും തുടരുന്നതിനാല്‍ ഹ്രസ്വ കാലത്തേക്ക് വിദേശ നിക്ഷേപത്തില്‍ ചാഞ്ചാട്ടമുണ്ടാകുമെന്ന് കൊട്ടക് സെക്യുരിറ്റീസിലെ ഇക്വിറ്റി റീസേര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ 1.37 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചിട്ടുള്ളത്. സമീപ കാലത്ത് ഉണ്ടായ വിപണിയിലെ മുന്നേറ്റമാണ് നവംബറില്‍ അറ്റ നിക്ഷേപം വര്‍ധിക്കുന്നതിന് കാരണമായത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെയും രൂപയുടെ മൂല്യത്തിലെയും സ്ഥിരത ഇതിനു അനുകൂലമാണെന്ന് മോര്‍ണിംഗ് സ്റ്റാര്‍ ഇന്ത്യ അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീ വാസ്തവ പറഞ്ഞു.
നവംബര്‍ 25 ന് നിഫ്റ്റിയും സെന്‍സെക്സും എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. ധനകാര്യ, ഐ ടി, ഓട്ടോ മൊബൈല്‍, ക്യാപിറ്റല്‍ ഗുഡ്‌സ് എന്നി മേഖലകളിലാണ് നിക്ഷേപമെത്തുന്നത്. ആഗോള തലത്തില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ പണപ്പെരുപ്പം യു എസ് ഫെഡ് കൂടുതല്‍ നിരക്ക് വര്‍ധനവിലേക്ക് പോവില്ലയെന്ന പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. ഇത് യുഎസിലെ മാന്ദ്യ ഭീതിയിലും അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്. ഇതും ഇന്ത്യന്‍ വിപണിയിലുള്ള നിക്ഷേപം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്.