6 March 2026 8:01 PM IST
പൊന്ന് വില്‍ക്കാന്‍ പാടുപെട്ട് ദുബായ്; ടണ്‍ കണക്കിന് സ്വര്‍ണം കുടുങ്ങി, ഇപ്പോള്‍ ഡിസ്‌കൗണ്ട്!
MyFin Desk
Summary
വ്യോമപാതകള്‍ ഭാഗികമായി അടച്ചതോടെ ദുബായില്‍ ടണ്‍ കണക്കിന് സ്വര്‍ണശേഖരമാണ് കുടുങ്ങിക്കിടക്കുന്നത്. സാധാരണയായി പാസഞ്ചര്‍ വിമാനങ്ങളുടെ കാര്‍ഗോയിലാണ് സ്വര്‍ണം അയക്കാറുള്ളത്. എന്നാല്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ വിതരണ ശൃംഖല പൂര്‍ണമായും തകര്‍ന്നു
പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആളിപ്പടരുന്നതോടെ ആഗോള സ്വര്‍ണ വ്യാപാരത്തിന്റെ ആസ്ഥാനമായ ദുബായ് സമാനതകളില്ലാത്ത പ്രതിസന്ധിയില്‍. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് വ്യോമപാതകള്‍ ഭാഗികമായി അടച്ചതോടെ ദുബായില്‍ ടണ്‍ കണക്കിന് സ്വര്‍ണശേഖരമാണ് കുടുങ്ങിക്കിടക്കുന്നത്. സാധാരണയായി പാസഞ്ചര്‍ വിമാനങ്ങളുടെ കാര്‍ഗോയിലാണ് സ്വര്‍ണം അയക്കാറുള്ളത്. എന്നാല്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ വിതരണ ശൃംഖല പൂര്‍ണമായും തകര്‍ന്നു. ഈ അനിശ്ചിതത്വം കാരണം, കൈവശമുള്ള സ്വര്‍ണം എങ്ങനെയെങ്കിലും വിറ്റൊഴിക്കാനായി ലണ്ടന്‍ വിപണിയെക്കാള്‍ ഔണ്‍സിന് 30 ഡോളര്‍ വരെ വിലക്കിഴിവിലാണ് ദുബായിലെ വ്യാപാരികള്‍ ഇപ്പോള്‍ സ്വര്‍ണം വാഗ്ദാനം ചെയ്യുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5,000 ഡോളറിന് മുകളില്‍ കുതിക്കുമ്പോഴും ദുബായില്‍ മാത്രം ഈ 'ഡിസ്‌കൗണ്ട് സെയില്‍' നടക്കുന്നത് നിക്ഷേപകരെ അമ്പരപ്പിക്കുന്നുണ്ട്. പുതിയ ഓര്‍ഡറുകള്‍ എടുത്തവര്‍ ഷിപ്പിംഗ് തടസ്സങ്ങള്‍ ഭയന്ന് പിന്മാറുന്നതും വ്യാപാരികളെ സമ്മര്‍ദ്ദത്തിലാക്കുന്നു. വന്‍തോതിലുള്ള സ്വര്‍ണശേഖരം ദീര്‍ഘകാലം സൂക്ഷിച്ചുവെക്കുന്നതിലെ ഇന്‍ഷുറന്‍സ് ഭാരവും സാമ്പത്തിക ബാധ്യതയും ഒഴിവാക്കാനാണ് വ്യാപാരികള്‍ ഈ നഷ്ടക്കച്ചവടത്തിന് തയ്യാറാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം കോടിക്കണക്കിന് രൂപയുടെ സ്വര്‍ണക്കയറ്റുമതിയാണ് ദുബായ് വിമാനത്താവളത്തില്‍ മുടങ്ങിയത്.
കരമാര്‍ഗ്ഗം സൗദി അറേബ്യ വഴിയോ ഒമാന്‍ വഴിയോ സ്വര്‍ണം നീക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന സുരക്ഷാ ഭീഷണിയും ഇന്‍ഷുറന്‍സ് തുകയിലുണ്ടായ 70 ശതമാനത്തോളം വര്‍ദ്ധനവും ഇതിന് തിരിച്ചടിയാകുന്നു. യുദ്ധം തുടങ്ങിയതോടെ ലോജിസ്റ്റിക്‌സ് ചിലവ് കുത്തനെ ഉയര്‍ന്നത് ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സ്വര്‍ണ വിതരണത്തെ സാരമായി ബാധിച്ചു. ദുബായില്‍ നിന്ന് പൊന്ന് ശുദ്ധീകരിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അയക്കുന്ന പ്രക്രിയ നിലച്ചത് വരും ദിവസങ്ങളില്‍ കേരളത്തിലുള്‍പ്പെടെയുള്ള ആഭരണ വിപണിയെ ബാധിച്ചേക്കാം.
അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷവും സ്വര്‍ണവിലയെ വരും ദിവസങ്ങളില്‍ കൂടുതല്‍ അസ്ഥിരമാക്കും. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ പൊന്നിന് ഡിമാന്‍ഡ് ഏറുന്നുണ്ടെങ്കിലും, ലോകത്തിന്റെ വ്യാപാര കേന്ദ്രമായ ദുബായില്‍ ലോജിസ്റ്റിക്‌സ് കുരുക്ക് അഴിയാതെ വിപണി സാധാരണ നിലയിലാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സംഘര്‍ഷം നീണ്ടുപോയാല്‍ ദുബായ് വിപണിയെ ആശ്രയിക്കുന്ന ഇന്ത്യയിലെ സ്വര്‍ണ വ്യാപാരികള്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരും.
പഠിക്കാം & സമ്പാദിക്കാം
Home
