14 Sept 2025 3:21 PM IST
Summary
മുമ്പ് 12 ശതമാനം ജിഎസ്ടി ബ്രാക്കറ്റില്‍ ഉണ്ടായിരുന്ന 99% ഉല്‍പ്പന്നങ്ങളും അഞ്ച് ശതമാനത്തിലാക്കി
ജിഎസ്ടി നിരക്കിളവ് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍. മുമ്പ് 12 ശതമാനം ജിഎസ്ടി ബ്രാക്കറ്റില്‍ ഉണ്ടായിരുന്ന 99% ഉല്‍പ്പന്നങ്ങളുടെയും നിരക്ക് 5% സ്ലാബിലേക്ക് കുറച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. സമഗ്രമായ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയാല്‍, രാജ്യത്തുടനീളം വലിയ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയിലെ 1.4 ബില്യണ്‍ പൗരന്മാരെ നേരിട്ട് ബാധിക്കും.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി കുറയ്ക്കല്‍ തീരുമാനം ഏകകണ്ഠമായാണ് അംഗീകരിച്ചത്. നവരാത്രിയുടെ ആദ്യ ദിവസമായ സെപ്റ്റംബര്‍ 22 ന്, ജിഎസ്ടി നിരക്കുകളിലെ എല്ലാ മാറ്റങ്ങളും പ്രാബല്യത്തില്‍ വരും.
2017-ല്‍ 65 ലക്ഷം പേര്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ഇന്ന് ആ സംഖ്യ 1.51 കോടിയായി വളര്‍ന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. 'പലചരക്ക് സാധനങ്ങള്‍, പാക്കേജുചെയ്ത ഭക്ഷണങ്ങള്‍, വീട്ടുപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 350-ലധികം ഇനങ്ങള്‍ക്ക് ജിഎസ്ടി നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ചെറുകിട ബിസിനസുകള്‍ ഉന്നയിച്ച റീഫണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു, 90% റീഫണ്ടുകളും വേഗത്തില്‍ പ്രോസസ്സ് ചെയ്യപ്പെടുന്നു, 10% മാത്രം പരിശോധനയ്ക്കായി തടഞ്ഞുവയ്ക്കുന്നു,' അവര്‍ പറഞ്ഞു.
ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നിരക്ക് കുറയ്ക്കല്‍ മാത്രമല്ല, വിശ്വാസം വളര്‍ത്തുക, ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുക, ഇന്ത്യയെ 2047 ദര്‍ശനത്തിലേക്ക് നയിക്കുക എന്നിവകൂടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിമര്‍ശനങ്ങള്‍ അംഗീകരിച്ചെങ്കിലും പരിഷ്‌കാരങ്ങള്‍ തുടരുമെന്ന് മന്ത്രി സ്ഥിരീകരിച്ചു. പ്രത്യേകിച്ച് കൃഷി, എംഎസ്എംഇകള്‍, ഭക്ഷണം, അവശ്യ സേവനങ്ങള്‍ എന്നിവയില്‍.