7 Sept 2025 8:40 AM IST
Summary
നികുതി പരിഷ്‌കാരങ്ങള്‍ ഗ്രാമീണ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കും
സമഗ്രമായ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ സഹകരണ മേഖലയെ ശക്തിപ്പെടുത്തുകയും അവരുടെ ഉല്‍പ്പന്നങ്ങളെ മത്സരാധിഷ്ഠിതമാക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍. അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യം വര്‍ദ്ധിപ്പിക്കുകയും സഹകരണ സ്ഥാപനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ഗ്രാമീണ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ നടപടി ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ താങ്ങാനാവുന്ന വിലയില്‍ ലഭമ്യമാക്കാന്‍ സഹായിക്കുമെന്നും പ്രസ്താവന പറയുന്നു.
ജിഎസ്ടി പരിഷ്‌കാരങ്ങള്‍ സഹകരണ സ്ഥാപനങ്ങളെയും കര്‍ഷകരെയും ഗ്രാമീണ സംരംഭങ്ങളെയും നേരിട്ട് ബാധിക്കുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു.
പാല്‍, പനീര്‍ എന്നിവ ബ്രാന്‍ഡഡ് ആയാലും ബ്രാന്‍ഡ് ചെയ്യാത്തതായാലും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും നേരിട്ടുള്ള ആശ്വാസം നല്‍കിയിട്ടുണ്ട്. വെണ്ണ, നെയ്യ്, സമാനമായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നികുതി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു. ഇരുമ്പ്, സ്റ്റീല്‍ അല്ലെങ്കില്‍ അലുമിനിയം എന്നിവകൊണ്ട് നിര്‍മ്മിച്ച പാല്‍ ക്യാനുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു. പാല്‍ ഉല്‍പ്പന്നങ്ങള്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുന്നതിലൂടെ പോഷകാഹാര സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ക്ഷീരമേഖലയിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
1800 സിസിയില്‍ താഴെയുള്ള ട്രാക്ടറുകളുടെ ജിഎസ്ടി 5 ശതമാനമായി കുറച്ചു, ഇത് ട്രാക്ടറുകളെ കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുകയും വിള കര്‍ഷകര്‍ക്ക് മാത്രമല്ല, മൃഗസംരക്ഷണത്തിലും മിശ്രിത കൃഷിയിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പ്രയോജനം നല്‍കുകയും ചെയ്യും.
അമോണിയ, സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് തുടങ്ങിയ പ്രധാന വളം ഇന്‍പുട്ടുകളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു. ഇത് വളം കമ്പനികളുടെ ഇന്‍പുട്ട് ചെലവ് കുറയ്ക്കുകയും കര്‍ഷകരുടെ വിലക്കയറ്റം തടയുകയും വിതയ്ക്കുന്ന സീസണുകളില്‍ താങ്ങാനാവുന്ന വിലയില്‍ വളങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യും.