2 Oct 2024 5:07 PM IST
Summary
- ഈവര്‍ഷത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്
- കുറഞ്ഞ വളര്‍ച്ചയില്‍ ആശങ്ക
ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാന വളര്‍ച്ചാ നിരക്ക് സെപ്റ്റംബറില്‍ 6.5 ശതമാനമായി കുറഞ്ഞ് 1.73 ലക്ഷം കോടി രൂപയായി. എന്നിരുന്നാലും, ഉത്സവ സീസണായതിനാല്‍, വരും മാസങ്ങളില്‍ കളക്ഷന്‍ മികച്ചതായിരിക്കുമെന്ന് നികുതി വിദഗ്ധര്‍ പറഞ്ഞു.
ചൊവ്വാഴ്ച പുറത്തുവിട്ട സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജിഎസ്ടി വരുമാനം 1.63 ലക്ഷം കോടി രൂപയായിരുന്നു, 2024 ഓഗസ്റ്റില്‍ 1.75 ലക്ഷം കോടി രൂപയായിരുന്നു.
മൊത്ത ആഭ്യന്തര വരുമാനം 5.9 ശതമാനം വര്‍ധിച്ച് ഏകദേശം 1.27 ലക്ഷം കോടി രൂപയായി. ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 8 ശതമാനം ഉയര്‍ന്ന് 45,390 കോടി രൂപയായി.
20,458 കോടി രൂപയുടെ റീഫണ്ടുകള്‍ ഈ മാസം ഇഷ്യൂ ചെയ്തു, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
റീഫണ്ടുകള്‍ ക്രമീകരിച്ചതിന് ശേഷം, സെപ്റ്റംബറിലെ മൊത്തം ജിഎസ്ടി വരുമാനം 1.53 ലക്ഷം കോടി രൂപയായി, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.9 ശതമാനം കൂടുതലാണ്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ജിഎസ്ടി വരുമാനം 9.5 ശതമാനം വര്‍ധിച്ച് 10.87 ലക്ഷം കോടി രൂപയായി.
കയറ്റുമതിക്കുള്ള ജിഎസ്ടി റീഫണ്ടിലെ ഗണ്യമായ വര്‍ധനവ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഉയര്‍ച്ചസൂചിപ്പിക്കുന്നതായി ഇവൈ ടാക്‌സ് പാര്‍ട്ണര്‍ സൗരഭ് അഗര്‍വാള്‍ പറഞ്ഞു.
ജിഎസ്ടി പോര്‍ട്ടലിലാണ് വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിരക്ക് നിര്‍ണയം സംബന്ധിച്ച സംസ്ഥാന മന്ത്രിമാരുടെ യോഗത്തിലാണ് എല്ലാവരും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മാസം 19, 20 തീയതികളിലാണ് യോഗം നടക്കുക. നവംബറില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗവും നടക്കും.