5 Jun 2025 4:39 PM IST
Summary
- ഒഴിവാക്കുക 12% ജിഎസ്ടി സ്ലാബെന്ന് സൂചന
- നിലവില്‍ നാല് നികുതി സ്ലാബുകളാണ് ജി എസ് ടിയില്‍ ഉള്ളത്
കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി സ്ലാബുകള്‍ പുനഃക്രമീകരിക്കുന്നു. 4 നികുതി സ്ലാബുകള്‍ വെട്ടിച്ചുരുക്കി മൂന്നാക്കിയേക്കും. ഒഴിവാക്കുക 12% ജിഎസ്ടി സ്ലാബെന്ന് റിപ്പോര്‍ട്ട്.
നിലവില്‍ 5%, 12%, 18%, 28% എന്നിങ്ങനെ 4 നികുതി സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്. ഇത് മൂന്നായി കുറയ്ക്കാനാണ് പ്രധാന ആലോചനയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ 12% നികുതി ചുമത്തുന്ന അവശ്യവസ്തുക്കള്‍ 5% സ്ലാബിലേക്ക് മാറ്റാനും, സാധനങ്ങളും സേവനങ്ങളും 18% സ്ലാബിലേക്ക് മാറ്റാനും കേന്ദ്രം നിര്‍ദ്ദേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ലാബുകള്‍ 3 ആക്കുന്നതുവഴി നികുതിഭാരവും ആശയക്കുഴപ്പങ്ങളും കുറയ്ക്കാനാകുമെന്നാണ് കേന്ദ്ര പ്രതീക്ഷ.
ഒരു രാജ്യം, ഒരു വിപണി, ഒറ്റ നികുതി എന്ന ആശയവുമായി 2017 ജൂലൈ ഒന്നിനാണ് ഇന്ത്യയില്‍ ചരക്കു-സേവന നികുതി പ്രാബല്യത്തില്‍ വന്നത്. വന്ന അന്നുമുതല്‍ പക്ഷേ, ജിഎസ്ടിയിലുമുള്ളത് ഒറ്റനികുതിക്ക് പകരം പല നികുതികളാണ്.നിലവിലുള്ള സ്ലാബുകളുടെ എണ്ണവും നികുതിനിരക്കുകളും കുറച്ച് ഉപഭോക്താക്കള്‍ക്കും കച്ചവടക്കാര്‍ക്കും ആശ്വാസം പകരണമെന്ന ആവശ്യവും ശക്തമാണ്.
ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ യോഗത്തില്‍ വിഷയത്തില്‍ തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.