image

19 Sept 2023 3:56 PM IST

Economy

രാജ്യത്ത് ഗാര്‍ഹിക സമ്പാദ്യം കുറഞ്ഞതായി ആര്‍ബിഐ

MyFin Desk

rbi said household savings in the country has decreased
X

Summary

  • കോവിഡ് കാലത്ത് ഗാര്‍ഹിക സമ്പാദ്യത്തില്‍ ഉയര്‍ച്ച
  • സാമ്പത്തിക സമ്പാദ്യം 34 വര്‍ഷത്തിനിടയിലെ താഴ്ന്നതെന്ന് വിദഗ്ധര്‍


ഇന്ത്യയിലെ ഗാര്‍ഹിക സമ്പാദ്യം 2021-22 നെ അപേക്ഷിച്ച് 2022-23 ല്‍ 19 ശതമാനം കുറഞ്ഞതായി റിസര്‍ ബാങ്ക് ഓഫ് ഇന്ത്യ കണക്കുകള്‍ പറയുന്നു. ആകെ ഗാര്‍ഹിക സമ്പാദ്യം 13.77 ലക്ഷം കോടി രൂപയായി. ഇത് ജിഡിപിയുടെ 5.1 ശതമാനമാണ്.

കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം 34 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇക്കണോമിസ്റ്റ് നിഖില്‍ ഗുപ്ത ചൂണ്ടിക്കാട്ടി.

2021-22ല്‍ കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം ജിഡിപിയുടെ 7.2 ശതമാനമായിരുന്നു. കൊറോണ പടർന്നു പിടിച്ച 2020-21 ല്‍ കുടുംബങ്ങളുടെ സമ്പാദ്യം ജിഡിപിയുടെ 11.5 ശതമാനമായി ഉയര്‍ന്നിരുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയാണിത്. പണം ചെലവിടാനുള്ള വഴികള്‍ പരിമിതമായതാണ് കാരണം. 2019-20 ലിത് 8.1 ശതമാനമായിരുന്നു.

ബാധ്യതകളാണ് ഗാര്‍ഹിക സമ്പാദ്യത്തിന്റെ ഇടിവിന് കാരണം. . 2022-23ല്‍ ബാങ്ക് നിക്ഷേപങ്ങള്‍ കൂടുതലാണെങ്കിലും ചെറുകിട സമ്പാദ്യവും (പിപിഎഫ് ഒഴികെ) നിക്ഷേപങ്ങളും 2021-22 നെ അപേക്ഷിച്ച് കുറഞ്ഞു.

വാണിജ്യ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ 2021-22 ല്‍ നിന്ന് 2022-23 ല്‍ 54 ശതമാനം ഉയര്‍ന്നു. കുടുംബങ്ങളുടെ സാമ്പത്തിക ആസ്തിയുടെ കാര്യത്തിലും 2022-23 ല്‍ കുറവ് അനുഭവപ്പെട്ടു. 2021-22 ലെ 11.1 ശതമാനത്തില്‍ നിന്ന് 2022-23ല്‍ ജിഡിപിയുടെ 10.9 ശതമാനമായി കുറഞ്ഞു. അതേസമയം ബാധ്യതകള്‍ ജിഡിപിയുടെ 3.8 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി ഉയര്‍ന്നു. സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്.

2022-23ല്‍ ഉപഭോഗത്തെയും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തെയും പിന്തുണച്ചത് താഴ്ന്ന കുടുംബങ്ങളിലെ സമ്പാദ്യമാണെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഗുപ്ത പറയുന്നു.

''ജിഡിപി കണക്കുകളനുസരിച്ച് സ്വകാര്യ ഉപഭോഗം 2022-23 ല്‍ 7.5 ശതമാനം ഉയര്‍ന്നു. എന്നാല്‍ 2021-22 ലിത് 11.2 ശതമാനമായിരുന്നു വളർച്ച. . അതേസമയം, 'ധനകാര്യ, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനങ്ങള്‍' വ്യവസായത്തിന്റെ മൊത്ത മൂല്യവര്‍ധന 2022-23 ല്‍ 7.1 ശതമാനം വര്‍ധിച്ചു. ദുര്‍ബലമായ വരുമാന വളര്‍ച്ചയും കുറയുന്ന ഗാര്‍ഹിക സമ്പാദ്യവും സുസ്ഥിരമല്ല.അതിനാല്‍ ഉപഭോഗ വളര്‍ച്ചയും സുസ്ഥിരമല്ലെന്നാണ് തങ്ങളുടെ വിശ്വാസം,'' ഗുപ്ത മുന്നറിയിപ്പ് നല്‍കി.