17 March 2026 8:04 PM IST
അടുപ്പിലെ തീ കെടാതിരിക്കാന്‍ എത്ര ടാങ്കര്‍ ഇന്ധനം വേണം? നെഞ്ചിടിപ്പായി എല്‍പിജി ഇറക്കുമതി
MyFin Desk
Summary
നിലവില്‍ രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ 40% മാത്രമാണ് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത്. ബാക്കി വലിയൊരു ഭാഗം ഇന്നും ഇറക്കുമതിയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്
രാജ്യത്തെ അടുക്കളകളിലെ തീ കെടാതിരിക്കാന്‍ എത്ര ടാങ്കര്‍ പാചകവാതകം വേണ്ടിവരും? ആഭ്യന്തര ഉല്‍പ്പാദനം റെക്കോര്‍ഡിലെത്തിയിട്ടും എല്‍പിജി ക്ഷാമം മുന്നില്‍ത്തന്നെയുണ്ട്. ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 50% കുതിച്ചുചാട്ടമുണ്ടായാലും 33 കോടിയിലധികം വരുന്ന അടുക്കളകളിലെ തീ കെടാതിരിക്കാന്‍ ഇന്ത്യയ്ക്ക് പ്രതിമാസം 29 കൂറ്റന്‍ എല്‍പിജി ടാങ്കറുകള്‍ തീരത്തെത്തേണ്ടതുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പാചകവാതകം ഒരു ആഡംബരത്തില്‍ നിന്ന് അടിസ്ഥാന ആവശ്യമായി മാറിയതാണ് ഈ വമ്പിച്ച ആവശ്യകതയ്ക്ക് പിന്നില്‍. നിലവില്‍ രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ 40% മാത്രമാണ് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത്. ബാക്കി വലിയൊരു ഭാഗം ഇന്നും ഇറക്കുമതിയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 60ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് പോലുള്ള പാതകള്‍ അടഞ്ഞുപോകുന്നത് ഒഴിവാക്കാന്‍ രാജ്യം ഇപ്പോള്‍ നയതന്ത്രപരമായ നീക്കങ്ങള്‍ നടത്തുകയാണ്. ഗള്‍ഫിനെ മാത്രം ആശ്രയിക്കാതെ നോര്‍വേ, അള്‍ജീരിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്ന് ദീര്‍ഘകാല കരാറുകള്‍ ഇന്ത്യ ഉറപ്പാക്കിക്കഴിഞ്ഞു. എങ്കിലും, ഗള്‍ഫില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കപ്പല്‍ എത്തുമ്പോള്‍, യുഎസില്‍ നിന്നുള്ള ടാങ്കറുകള്‍ക്ക് ഇന്ത്യയിലെത്താന്‍ 45 ദിവസമെടുക്കും എന്ന ദൂരക്കൂടുതല്‍ വലിയൊരു ലോജിസ്റ്റിക്‌സ് വെല്ലുവിളിയാണ്.
ഇറക്കുമതിയിലെ ഈ കാലതാമസവും പ്രതിസന്ധിയും പരിഹരിക്കാന്‍ 'ഡിജിറ്റല്‍' കവചമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. സിലിണ്ടറുകള്‍ പൂഴ്ത്തിവെക്കുന്നതും പരിഭ്രാന്തി മൂലമുള്ള ബുക്കിംഗും തടയാന്‍ റീഫില്ലുകള്‍ക്കിടയിലുള്ള നിര്‍ബന്ധിത ഇടവേള സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. വീടുകളിലെ വിതരണം തടസ്സപ്പെടാതിരിക്കാന്‍ മുന്‍ഗണന നല്‍കുമ്പോള്‍, വാണിജ്യ മേഖലയില്‍ വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തി. ഇത് റെസ്റ്റോറന്റുകളെയും ചെറുകിട വ്യവസായങ്ങളെയും പ്രതിസന്ധിയിലാക്കി.
നിലവില്‍ രാജ്യത്തിന്റെ ഇന്ധനവെല്ലുവിളി ആഗോള ടാങ്കറുകളുടെ കപ്പല്‍പ്പടയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കടല്‍ കടന്നെത്തുന്ന ഓരോ ടാങ്കറും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി മാറിക്കഴിഞ്ഞു.
വരും വര്‍ഷങ്ങളില്‍ പൈപ്പ് ലൈന്‍ വഴിയുള്ള വിതരണവും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളും വര്‍ദ്ധിപ്പിക്കുക വഴി മാത്രമേ ഈ 'ടാങ്കര്‍ ആശ്രിതത്വം' കുറയ്ക്കാന്‍ ഇന്ത്യക്ക് കഴിയുയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
