image

20 Aug 2023 10:28 AM IST

Economy

40% കയറ്റുമതി തീരുവ; കരയിപ്പിക്കുന്ന ഉള്ളി വില കുറയുമോ?

Sandeep P S

40% export duty will crying onion prices drop
X

വില കുതിച്ചുയരുന്നതിനിടെ ഉള്ളിയുടെ ആഭ്യന്തര ലഭ്യത ഉയര്‍ത്താന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഉള്ളിയുടെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തുമെന്ന് ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഓഗസ്റ്റിലും ശക്തമായി തുടരുകയാണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തക്കാളിയുടെ വില അല്‍പ്പം മയപ്പെട്ടെങ്കിലും ഉള്ളിയുടെയും ധാന്യങ്ങളുടെയും വില ഉയരുകയാണ്.

2023 ഡിസംബർ 31 വരെ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തുന്നുവെന്നാണ് കസ്റ്റംസ് വിജ്ഞാപനത്തില്‍ ഉള്ളത്. ഈ സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിനും ഓഗസ്റ്റ് നാലിനുമിടയിൽ 9.75 ലക്ഷം ടൺ ഉള്ളിയാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. ബംഗ്ലാദേശ്, മലേഷ്യ, യുഎഇ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള ഉള്ളി പ്രധാനമായും എത്തുന്നത്.

വരുന്ന ഉത്സവ സീസൺ കൂടു കണക്കിലെടുത്താണ് തീരുവ ചുമത്തുന്നതെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു. അടുത്ത കാലത്ത് കയറ്റുമതിയിൽ കുത്തനെ വർധനയുണ്ടായതും ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ കണക്കിനപ്പുറത്തെ യഥാര്‍ത്ഥ വില

ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം, ശനിയാഴ്ച ഉള്ളിയുടെ അഖിലേന്ത്യാ ശരാശരി റീട്ടെയിൽ വില കിലോയ്ക്ക് 30.72 രൂപയായിരുന്നു, പരമാവധി വില കിലോയ്ക്ക് 63 രൂപയും കുറഞ്ഞത് 10 രൂപയുമാണ്.

സര്‍ക്കാര്‍ കണക്കുകൾ പ്രകാരം ഡൽഹിയിൽ ശനിയാഴ്ച ഉള്ളി കിലോയ്ക്ക് 37 രൂപയായിരുന്നു. എന്നാല്‍ ഉള്ളിയുടെ വില കിലോയ്ക്ക് 50 രൂപ വരെ എത്തിയതായി തലസ്ഥാന മേഖലയിലെ വ്യാപാരികളില്‍ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഖാരിഫ് സീസണിലെ ഉള്ളി വിളവെടുപ്പ് വൈകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഉള്ളി വില കുതിച്ചുയരാൻ തുടങ്ങിയത്.

ജൂലൈയിലെ മൊത്തവില സൂചിക അനുസരിച്ച്, ഉള്ളി വിലക്കയറ്റം ജൂണിലെ (-)4.31 ശതമാനത്തിൽ നിന്ന് 7.13 ശതമാനമായി ഉയർന്നു. വാർഷിക ചില്ലറ വിൽപ്പന അല്ലെങ്കിൽ ഉപഭോക്തൃ വില പണപ്പെരുപ്പം ജൂണിലെ 4.87 ശതമാനത്തിൽ നിന്ന് ജൂലൈയിൽ 15 മാസത്തെ ഉയർന്ന നിരക്കായ 7.44 ശതമാനത്തിലെത്തി.

സര്‍ക്കാരുകളെ വീഴ്ത്തിയ ഉള്ളി

ഉള്ളി ഇന്ത്യയില്‍ രാഷ്ട്രീയമായി കൂടി പ്രാധാന്യമുള്ള ഒരു ചരക്കാണ്. കേന്ദ്രത്തില്‍ ഉള്‍പ്പടെ പല സര്‍ക്കാരുകളുടെയും വീഴ്ചയിലും വാഴ്ചയിലും ഉള്ളിവില ഒരു പ്രധാന ഘടകമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന തുടങ്ങിയ സുപ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വർഷാവസാനം നടക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി തീരുവ പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ വർഷം 3 ലക്ഷം ടൺ ഉള്ളിയുടെ കരുതല്‍ ശേഖരണമാണ് സർക്കാർ നിലനിർത്തിയിട്ടുള്ളത്. കഴിഞ്ഞയാഴ്ച മുതൽ പ്രധാന സ്ഥലങ്ങളിലെ മൊത്തവിപണിയിൽ ഇത് എത്തിച്ചു തുടങ്ങി. ഡൽഹി, അസം, ഹിമാചൽ പ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ മൊത്തവ്യാപാര കേന്ദ്രങ്ങളിലായി ഇതുവരെ 2,000 ടൺ വരെ ഉള്ളി ഇതില്‍ നിന്ന് വിറ്റഴിച്ചു.

ഒക്‌ടോബറില്‍ പുതിയ വിള വിപണിയില്‍ എത്തുന്നത് വരെ, ഓഗസ്റ്റിനും സെപ്‌റ്റംബറിനുമിടയിലുള്ള ചെറിയ കാലയളവിലാണ് ഉള്ളിയുടെ കരുതല്‍ ശേഖരം സാധാരണയായി വിപണി ഇടപെടലിനായി ഉപയോഗിക്കുന്നത്.