14 Aug 2025 2:07 PM IST
Summary
അതിര്‍ത്തിയിലെ മൂന്നു പോയിന്റുകള്‍വഴിയാണ് മുന്‍പ് വ്യാപാരം നടന്നിരുന്നത്
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അതിര്‍ത്തികളിലൂടെയുള്ള വ്യാപാരം പുനരാരംഭിക്കാന്‍ ഇന്ത്യയും ചൈനയും തയ്യാറെടുക്കുന്നു. ഇതിനായി ഇരു രാജ്യങ്ങളും ചര്‍ച്ചയിലാണ്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഏറ്റവും പുതിയ ചുവടുവയ്പ്പാണിതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
പങ്കിട്ട അതിര്‍ത്തിയിലെ നിയുക്ത പോയിന്റുകള്‍ വഴി വ്യാപാരം പുനരാരംഭിക്കാനാണ് ഇരുപക്ഷവും നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ഇന്ത്യയുമായുള്ള ആശയവിനിമയവും ഏകോപനവും വര്‍ദ്ധിപ്പിക്കാന്‍ ബെയ്ജിംഗ് തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെയായി, ഇന്ത്യയും ചൈനയും പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളുടെ വ്യാപാരം ഹിമാലയന്‍ അതിര്‍ത്തിയിലെ മൂന്ന് നിയുക്ത പോയിന്റുകള്‍ വഴി നടത്തിയിരുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍, പരവതാനികള്‍, മര ഫര്‍ണിച്ചറുകള്‍, കന്നുകാലിത്തീറ്റ, മണ്‍പാത്രങ്ങള്‍, ഔഷധ സസ്യങ്ങള്‍, വൈദ്യുത വസ്തുക്കള്‍, കമ്പിളി തുടങ്ങിയവയുടെ വ്യാപാരമാണ് ഇതുവഴി നടന്നിരുന്നത്.
കോവിഡ് -19 മഹാമാരിയുടെ സമയത്ത് വ്യാപാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു. കൂടാതെ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുമുണ്ടായി.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും നടപടികള്‍ സ്വീകരിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ മെച്ചപ്പെടുന്നതിന്റെ മറ്റൊരു സൂചനയാണ് വ്യാപാരത്തിന്റെ പുനരാരംഭം. ചൈനയും ഇന്ത്യയും അടുത്ത മാസം മുതല്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയുമാണ്.
ഏഴ് വര്‍ഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ചൈനയിലേക്ക് പോകുന്നുണ്ട്. അദ്ദേഹം ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ കയറ്റുമതിക്ക് 50% താരിഫ് നിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്, ഇത് പ്രാദേശിക എതിരാളികള്‍ക്ക് ചുമത്തിയ തീരുവയേക്കാള്‍ വളരെ കൂടുതലാണ്.