20 Aug 2025 4:28 PM IST
Summary
ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്കുള്ള ടൂറിസ്റ്റ്, യാത്രവിസകളും അതിവേഗം ലഭ്യമാക്കും
ചൈനയ്ക്കും ഇന്ത്യക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക്
ധാരണയായി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുകയാണ്.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ്
നിര്‍ണായക തീരുമാനമുണ്ടായത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാവിസ, ബിസിനസ് വിസ, മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസ എന്നിവ എളുപ്പത്തില്‍ ലഭ്യമാക്കാനും ധാരണയായി.
ഇത് ഇരു രാജ്യങ്ങളിലെയും സഞ്ചാരികളെയും വ്യവസായികളെയും സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദോക് ലാം സംഘര്‍ഷത്തിന് പിന്നാലെ നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ കോവിഡ് മഹാമാരി കാരണം വീണ്ടും വൈകുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് ടിബറ്റിലെ കൈലാസ പര്‍വതത്തിലേക്കും മാനസരോവര്‍ തടാകത്തിലേക്കുമുള്ള തീര്‍ത്ഥാടനം അടുത്ത വര്‍ഷം പുനരാരംഭിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു.
ട്രംപ് ഇന്ത്യക്കെതിരെ താരിഫ് ചുമത്തിയ ശേഷം ഇന്ത്യ - ചൈന ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതിന്റെ സൂചയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് യുഎസിന് വലിയ തിരിച്ചടിയാവും.
അതിര്‍ത്തിയിലെ മൂന്ന് വ്യാപാര കേന്ദ്രങ്ങളായ ലിപുലേഖ് ചുരം, ഷിപ്കി ലാ ചുരം, നാഥു ലാ ചുരം എന്നിവ തുറക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. അതേസമയം, ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു.