3 Jun 2025 6:27 PM IST
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ അന്തിമമാകുമെന്ന് ഫ്രാന്‍സ്. യൂറോപ്പും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ഇന്ത്യ ഞങ്ങളുടെ മുന്‍ഗണനകളില്‍ ഒന്നാണ്, കരാറിനായുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ ആഗ്രഹിക്കുന്നതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് സെന്റ്-മാര്‍ട്ടിന്‍ പറഞ്ഞു.
'നമ്മുടെ കൃഷിയെക്കുറിച്ചും പരിസ്ഥിതി, ശുചിത്വ മാനദണ്ഡങ്ങള്‍ സംബന്ധിച്ച ചില മാനദണ്ഡങ്ങളെക്കുറിച്ചും നാം ശ്രദ്ധിക്കേണ്ടതുണ്ട്,' ആശങ്കകള്‍ പരസ്പരം മനസിലാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
വ്യാപാരം സുഗമമാക്കുന്നതിനുള്ള തന്ത്രപ്രധാനമായ ഒരു കരാറാണ് എഫ്ടിഎ എന്ന് മന്ത്രി വിശേഷിപ്പിച്ചു. ചില മേഖലകളെ സംരക്ഷിക്കുന്നതിനൊപ്പം തടസങ്ങള്‍ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഫ്രാന്‍സും ജര്‍മ്മനിയും ഉള്‍പ്പെടെ 27 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് എഫ്ടിഎ നിര്‍ണായകമാണെന്ന് കാണുന്നു.
ആഗോള വ്യാപാര അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സാമ്പത്തികവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഇത്തരം വ്യാപാര കരാറുകളുടെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു.വിജയകരമായ ഉഭയകക്ഷി സഹകരണത്തിനുള്ള ഒരു മാതൃകയായി പ്രതിരോധ മേഖലയെ അദ്ദേഹം ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ഇത് മറ്റ് മേഖലകള്‍ക്ക് ഒകരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അന്തിമരൂപം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘത്തിന്റെ പിന്തുണയും ഉണ്ട്. 50-ലധികം ബിസിനസ് പ്രതിനിധികളാണ് സംഘത്തിലുള്ളത്.