3 July 2025 8:39 AM IST
Summary
- പശ്ചിമാഫ്രിക്കയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഘാന
- ഘാനയുടെ വികസന യാത്രയില്‍ ഇന്ത്യ സഹയാത്രികന്‍
ഇന്ത്യയും ഘാനയും തമ്മിലുള്ള ബന്ധം സമഗ്ര പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഘാന പ്രസിഡന്റ് ജോണ്‍ ഡ്രമാനി മഹാമയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം.
ചര്‍ച്ചകള്‍ക്ക് തൊട്ടുപിന്നാലെ നടത്തിയ മാധ്യമ പ്രസ്താവനയില്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുവശത്തുമുള്ള വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യം ഇരുപക്ഷവും നിശ്ചയിച്ചിട്ടുള്ളതായി പ്രധാനമന്ത്രി പറഞ്ഞു. ഘാനയുടെ വികസന യാത്രയില്‍ ഇന്ത്യ വെറുമൊരു പങ്കാളിയല്ലെന്നും സഹയാത്രികനാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അഞ്ച് രാഷ്ട്ര സന്ദര്‍ശനത്തിന്റെ ആദ്യ ഘട്ടത്തില്‍ മോദി പശ്ചിമാഫ്രിക്കന്‍ രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ എത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള പ്രതിനിധിതല കൂടിക്കാഴ്ച നടന്നത്.
പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ പ്രസിഡന്റ് മഹാമ സ്വീകരിച്ചു. മൂന്ന് പതിറ്റാണ്ടിനുശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന സന്ദര്‍ശനമാണിത്.
മോദി-മഹാമ ചര്‍ച്ചകള്‍ക്ക് ശേഷം, സംസ്‌കാരം, പരമ്പരാഗത വൈദ്യശാസ്ത്രം എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന നാല് കരാറുകളില്‍ ഇരുപക്ഷവും ഒപ്പുവച്ചു.
ഭീകരത മനുഷ്യരാശിയുടെ ശത്രുവാണെന്ന് ഇരുപക്ഷവും ഏകകണ്ഠമായി പറഞ്ഞതായും ഈ ഭീഷണിയെ നേരിടുന്നതില്‍ പരസ്പര സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ ഘാന നല്‍കുന്ന സഹകരണത്തിന് ഇന്ത്യ നന്ദി അറിയിച്ചതായും മോദി പറഞ്ഞു.
സായുധ സേനാ പരിശീലനം, സമുദ്ര സുരക്ഷ, പ്രതിരോധ വിതരണം, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇന്ത്യ-ഘാന സഹകരണം വര്‍ദ്ധിപ്പിക്കും.
പശ്ചിമാഫ്രിക്കയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഘാന. ഘാനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ.ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതിയാണ് ഇതിന് പ്രധാന കാരണം. ഘാന ഒരു പ്രധാന സാമ്പത്തിക പുനഃസംഘടനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്, ഈ കാര്യത്തില്‍ സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി മോദി രാജ്യത്തിന് ഉറപ്പ് നല്‍കി.