5 Jun 2025 3:48 PM IST
Summary
മുന്‍നിര കമ്പനികളാണ് വിപുലീകരണത്തിനും നിക്ഷേപത്തിനും ഒരുങ്ങുന്നത്
ഇറ്റലിയില്‍നിന്ന് രാജ്യത്തേക്ക് വന്‍ നിക്ഷേപമെത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിക്ഷേപമിറക്കുന്നത് മുന്‍നിര ഇറ്റാലിയന്‍ കമ്പനികളെന്നും വിശദീകരണം. വാണിജ്യമന്ത്രി പീയുഷ് ഗോയലിന്റെ വിജയകരമായ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഇത് സാധ്യമാകുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഇറ്റലിയിലെ മുന്‍നിര കമ്പനികള്‍ വിപുലീകരണത്തിനും നിക്ഷേപത്തിനും തയ്യാറാവുകയാണ്. നിലവില്‍ കരാരോ ഗ്രൂപ്പ് 350 മില്യണ്‍ യൂറോ നിക്ഷേപിക്കുമെന്ന ഉറപ്പ് ലഭിച്ചു.യുഎഫ്ഐ ഫില്‍ട്ടേഴ്‌സ് നിക്ഷേപം ഇരട്ടിയാക്കും. ടോഷി വിഗ്നോള ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഈ നീക്കങ്ങള്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ഉത്തേജിപ്പിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
നിലവില്‍ കരാരോ ഗ്രൂപ്പ് ഇന്ത്യയില്‍ ഏകദേശം 200 ദശലക്ഷം യൂറോ നിക്ഷേപിച്ചിട്ടുണ്ട്, 1,600 പേര്‍ക്ക് ജോലി നല്‍കുന്നു. അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം 350 ദശലക്ഷം യൂറോയായി ഉയര്‍ത്തുമെന്നാണ് പദ്ധതി പ്രഖ്യാപനത്തിനിടെ കാരാരോ ഗ്രൂപ്പ് ചെയര്‍മാന്‍ എന്റിക്കോ കരാരോ വ്യക്തമാക്കിയത്.
ഇന്ത്യയില്‍ ഞങ്ങളുടെ ബിസിനസിന് വളരാന്‍ വലിയൊരു ഇടമുണ്ടെന്ന് കാരാരോ ഇന്ത്യയുടെ സിഇഒ ഫ്രാന്‍സെസ്‌കോ സെക്വി യും പറഞ്ഞു.