image

1 Aug 2025 4:10 PM IST

Economy

ട്രംപിന്റെ സമ്മര്‍ദ്ദം ഏറ്റോ? റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി ഇന്ത്യ!

MyFin Desk

did trump pressure India to stop importing russian oil
X

Summary

ട്രംപിന്റെ സമ്മര്‍ദ്ദവും എണ്ണ വിലയിലെ കിഴിവ് റഷ്യ നിര്‍ത്തിയതും കാരണമെന്ന് റിപ്പോര്‍ട്ട്


റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തി വച്ച് രാജ്യത്തെ പൊതുമേഖല കമ്പനികള്‍. കാരണമായത് ട്രംപിന്റെ സമ്മര്‍ദ്ദവും എണ്ണ വിലയിലെ കിഴിവ് റഷ്യ നിര്‍ത്തിയതുമാണെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ , മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് എന്നിവയാണ് റഷ്യന്‍ എണ്ണ വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിയത്. റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതിന് ശേഷം, 2022 ഫെബ്രുവരി മുതലാണ് ഇന്ത്യയിലേക്കുള്ള റഷ്യന്‍ ഇന്ധനത്തിന്റെ ഒഴുക്ക് ആരംഭിച്ചത്. ഡിസ്‌കൗണ്ട് വിലയാണ് റഷ്യന്‍ എണ്ണയിലേക്ക് ഇന്ത്യയെ ആകര്‍ഷിച്ചതും. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ നിലവില്‍ പഴയതു പോലെ റഷ്യന്‍ ഇന്ധനത്തിന് ഡിസ്‌കൗണ്ട് ലഭിക്കുന്നില്ല. റഷ്യ പുതിയ വിപണികള്‍ കണ്ടെത്തിയതാണ് ഇതിനൊരു കാരണം.

തെക്കെ അമേരിക്കന്‍ വിപണികളിലേക്ക് നിലവില്‍ റഷ്യ വന്‍തോതില്‍ ഇന്ധന കയറ്റുമതി നടത്തുന്നത് ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് വെല്ലുവിളിയാകുന്നുമുണ്ട്. ഇതോടെയാണ് ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിയതെന്നാണ് വിവരം.

അതേസമയം, യുക്രെയ്ന്‍ പ്രശ്നത്തില്‍ 50 ദിവസത്തിനകം സമാധാന കരാര്‍ ഉറപ്പാക്കണമെന്നായിരുന്നു റഷ്യയ്ക്ക് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ മുന്നറിയിപ്പ്. അതിനായുള്ള സമയം കഴിഞ്ഞയാഴ്ച അദ്ദേഹം വെറും 12 ദിവസമായി ചുരുക്കി. ഒപ്പം റഷ്യയുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ റഷ്യയില്‍നിന്നുള്ള ഇറക്കുമതി താത്കാലികമായി നിര്‍ത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുക്രെയ്ന്‍ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ ആകെ ഇന്ധന ഇറക്കുമതിയില്‍ റഷ്യന്‍ ഇന്ധനം 1% മാത്രമായിരുന്നെങ്കില്‍ യുദ്ധത്തിന് ശേഷം ഇത് വലിയ തോതില്‍ വര്‍ധിക്കുകയായിരുന്നു. ഇതോടെ പരമ്പരാഗതമായി ഇന്ത്യയിലേക്ക് ഇന്ധന ഇറക്കുമതി നടത്തിയിരുന്ന രാജ്യങ്ങളുടെ വിഹിതം കുറഞ്ഞു. ഇത്തരത്തില്‍ ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, യു.എസ് എന്നീ രാജ്യങ്ങളുടെ വിഹിതം കുറഞ്ഞു നില്‍ക്കുന്നതായി എനര്‍ജി ട്രാക്കര്‍ പ്ലാറ്റ്‌ഫോമായ വോര്‍ടെക്‌സയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തെ റഷ്യയുടെ മൊത്തം ആഗോള ഫോസില്‍ ഇന്ധന വരുമാനം 242 ബില്യണ്‍ യൂറോയായിരുന്നു. ഇത് ഉക്രെയ്ന്‍ അധിനിവേശത്തിനുശേഷം 847 ബില്യണ്‍ യൂറോയായാണ് വര്‍ധിച്ചത്.