image

4 April 2025 4:06 PM IST

Economy

രാജ്യത്ത് സേവന മേഖലയുടെ വളര്‍ച്ച കുറഞ്ഞു

MyFin Desk

രാജ്യത്ത് സേവന മേഖലയുടെ വളര്‍ച്ച കുറഞ്ഞു
X

Summary

  • വില സമ്മര്‍ദം, ദുര്‍ബലമായ ഡിമാന്‍ഡ് എന്നിവ സേവന മേഖലയെ ബാധിച്ചു
  • അന്താരാഷ്ട്ര ഓര്‍ഡറുകള്‍ മാര്‍ച്ചില്‍ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍


രാജ്യത്തെ സേവന മേഖലയുടെ വളര്‍ച്ചയില്‍ ഇടിവ്. തിരിച്ചടിയായത് വിദേശ ഡിമാന്‍ഡിലെ കുറവ്. മേഖലയിലെ പര്‍ച്ചേഴ്‌സ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് - പി.എം.ഐ 58.5 ആയി കുറഞ്ഞു.

വില സമ്മര്‍ദം, ദുര്‍ബലമായ ഡിമാന്‍ഡ് എന്നിവയാണ് സേവന മേഖലയെ ബാധിച്ചത്. യുഎസിന്റെ താരിഫ് നയമാണ് വിദേശ ഡിമാന്‍ഡിലുണ്ടായ കുറവിന് കാരണമെന്നാണ് വിലയിരുത്തല്‍.

അന്താരാഷ്ട്ര ഓര്‍ഡറുകള്‍ മാര്‍ച്ചില്‍ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ വളര്‍ച്ച ശക്തമായി തുടരുന്നുണ്ടെന്നത് പ്രതീക്ഷയാണെന്നും എച്ച്എസ്ബിസിയും എസ് ആന്‍ഡ് പി ഗ്ലോബലും സംയുക്തമായി പുറത്തിറക്കിയ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്സ് സര്‍വേയില്‍ പറയുന്നു.

ഫെബ്രുവരിയില്‍ 59 ആയിരുന്നു പിഎംഐ.

അതേസമയം നിര്‍മാണ മേഖലയിലെ ഡേറ്റകള്‍ കൂടി ഉള്‍പ്പെടുന്ന എച്ച്എസ്ബിസി ഇന്ത്യ കോമ്പോസിറ്റ് പിഎംഐ മാര്‍ച്ചില്‍ ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 59.5 ആയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ശക്തമായ വളര്‍ച്ചയാണ് മുന്നേറ്റത്തിന് കാരണമെന്നും ഡേറ്റകള്‍ വ്യക്തമാക്കി. തുടര്‍ച്ചയായി 40 മാസത്തിലേറെയായി ലക്ഷ്യ പരിധിയായ 50ന് മുകളിലാണ് സേവന മേഖലയിലെ പിഎംഐ.

കഴിഞ്ഞ ഓഗസ്റ്റില്‍ സൂചിക 60.9ലേയ്ക്ക് ഉയര്‍ന്നെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ അതിന് താഴെയുള്ള നിലവാരത്തില്‍ തന്നെയാണ്. 400 ലേറെ സേവന മേഖലകളില്‍നിന്നുള്ള പ്രതികരണങ്ങള്‍ ശേഖരിച്ചാണ് പി.എം.ഐ കണക്കാക്കുന്നത്.