image

20 March 2026 5:30 PM IST

Economy

നിശ്ചലമായി ഇന്ത്യയുടെ 'ടൈല്‍ നഗരം'; മോര്‍ബിയില്‍ 430 ഫാക്ടറികള്‍ അടച്ചുപൂട്ടി, വീടുപണി ബജറ്റ് ഇനി താളംതെറ്റും

MyFin Desk

നിശ്ചലമായി ഇന്ത്യയുടെ ടൈല്‍ നഗരം; മോര്‍ബിയില്‍ 430 ഫാക്ടറികള്‍ അടച്ചുപൂട്ടി, വീടുപണി ബജറ്റ് ഇനി താളംതെറ്റും
X

Summary

ആകെ 670 ഫാക്ടറികളുള്ള മോര്‍ബിയില്‍ 450 എണ്ണവും ഇതിനോടകം പൂട്ടിക്കഴിഞ്ഞു. ഈ അപ്രതീക്ഷിത സ്തംഭനം ഇന്ത്യന്‍ വിപണിയില്‍ ടൈല്‍ വില കുതിച്ചുയരാന്‍ കാരണമാകും


പശ്ചിമേഷ്യന്‍ യുദ്ധം ആഗോള ഊര്‍ജ്ജ വിപണിയെ ഉലച്ചതോടെ ഇന്ത്യയുടെ സെറാമിക് തലസ്ഥാനമായ ഗുജറാത്തിലെ മോര്‍ബി നിശ്ചലമാകുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ ടൈല്‍ ഉല്‍പ്പാദന കേന്ദ്രമായ ഇവിടെ, വാതകക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് 430 ഓളം സെറാമിക് യൂണിറ്റുകള്‍ ഒരേസമയം പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും ഈ ഫാക്ടറികള്‍ അടഞ്ഞുകിടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ നിര്‍മ്മാണ മേഖലയില്‍ ടൈലുകളുടെയും മറ്റ് ഗൃഹാലങ്കാര ഉല്‍പ്പന്നങ്ങളുടെയും കടുത്ത ക്ഷാമത്തിന് വഴിയൊരുങ്ങുകയാണ്.

ആകെ 670 ഫാക്ടറികളുള്ള മോര്‍ബിയില്‍ 450 എണ്ണവും ഇതിനോടകം പൂട്ടിക്കഴിഞ്ഞു. ടൈലുകള്‍ ചുട്ടെടുക്കുന്ന കൂറ്റന്‍ ചൂളകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ പ്രൊപ്പെയ്ന്‍, പ്രകൃതിവാതകം എന്നിവയുടെ വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടതാണ് ഈ കൂട്ടായ തീരുമാനത്തിന് പിന്നില്‍. മോര്‍ബി സെറാമിക് മാനുഫാക്ചറിംഗ് അസോസിയേഷന്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് ഫാക്ടറികള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ഉടമകള്‍ തീരുമാനമെടുത്തത്.

പ്രൊപ്പെയ്ന്‍ വാതകം ഉപയോഗിക്കുന്ന യൂണിറ്റുകളാണ് ഇന്ധനം തീര്‍ന്നതോടെ ആദ്യം പ്രവര്‍ത്തനം നിര്‍ത്തിയത്. തൊട്ടുപിന്നാലെ പ്രകൃതിവാതകത്തെ ആശ്രയിക്കുന്ന വലിയ പ്ലാന്റുകളും പൂട്ടലിലേക്ക് നീങ്ങി. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ 10-15 വരെ ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഈ ഇടവേള മെഷീനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിക്കാനാണ് ഉടമകളുടെ പദ്ധതി. ഗ്യാസ് വിതരണം പുനഃസ്ഥാപിച്ചാല്‍ മാത്രമേ ഫാക്ടറികള്‍ ഇനി ഒരുമിച്ച് തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ.

മോര്‍ബിയിലെ ഈ അപ്രതീക്ഷിത സ്തംഭനം ഇന്ത്യന്‍ വിപണിയില്‍ ടൈല്‍ വില കുതിച്ചുയരാന്‍ കാരണമാകും. ഉല്‍പ്പാദനം നിലച്ചതും വിതരണ ശൃംഖല തകര്‍ന്നതും കാരണം വരും ദിവസങ്ങളില്‍ വീട് പണിയുന്നവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധം പശ്ചിമേഷ്യയിലാണെങ്കിലും അതിന്റെ കനല്‍ ഇന്ത്യയിലെ വ്യവസായ മേഖലയെയും സാധാരണക്കാരന്റെ വീടുപണി സ്വപ്നങ്ങളെയും ഒരുപോലെ പൊള്ളിക്കുകയാണ്.