28 Aug 2025 4:05 PM IST
Summary
നിലവില്‍ രണ്ട് ശതമാനമാണ് രാജ്യത്തെ കുറഞ്ഞ പണപ്പെരുപ്പ പരിധി
രാജ്യത്തിന്റെ പണപ്പെരുപ്പ സഹന പരിധി ഒരു ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന് ജെ എം ഫിനാന്‍ഷ്യല്‍സ്. പരിഷ്‌കരണം നിക്ഷേപക വിശ്വാസ്യത വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട്.
നിലവില്‍ രണ്ട് ശതമാനമാണ് രാജ്യത്തെ കുറഞ്ഞ പണപ്പെരുപ്പ പരിധി. ഇത് ഒന്നു മുതല്‍ 1.5 ശതമാനമായി ചുരുക്കണം.
ഇതോടെ ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളുടെ കേന്ദ്ര ബാങ്ക് നയത്തിന് തുല്യമാവും ഇന്ത്യയുടേത്. ഇത് റിസര്‍വ് ബാങ്ക് നയങ്ങളിലുള്ള വിശ്വാസ്യത വര്‍ധിക്കാന്‍ കാരണമാവുമെന്നാണ് ജെ എം ഫിനാന്‍ഷ്യല്‍സ് പറയുന്നത്. ഓരോ രാജ്യത്തെയും കേന്ദ്ര ബാങ്കുകളുടെ നയങ്ങള്‍ ആ രാജ്യത്തേക്ക് വിദേശ നിക്ഷേപം അടക്കമുള്ളവ വരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് ജെ എം ഫിനാന്‍ഷ്യല്‍സിന്റെ റിപ്പോര്‍ട്ട്.
റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി രണ്ട് മുതല്‍ ആറ് ശതമാനമാണ് പണപ്പെരുപ്പ പരിധിയായി നിശ്ചയിച്ചിട്ടുള്ളത്. രാജ്യത്തിന്റെ ധനനയ ചട്ടക്കൂട് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പരിഷ്‌കരിക്കാറുണ്ട്. അടുത്ത മാര്‍ച്ചില്‍ നടക്കുന്ന അവലോകന യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. നേരത്തെ തന്നെ പണപ്പെരുപ്പം നിര്‍ണയിക്കുന്നതില്‍ നിന്ന് ഭക്ഷ്യവിലകളെ ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള നീക്കവും നടത്തുന്നുണ്ട്. 2023-24ലെ സാമ്പത്തിക സര്‍വേയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.