8 Jun 2023 11:48 AM IST
Summary
- റിപ്പൊ നിരക്ക് 6.5 ശതമാനത്തില്‍ തുടരും
- ഏപ്രിലിലെ യോഗവും നിരക്കുകള്‍ മാറ്റിയിരുന്നില്ല
- പണപ്പെരുപ്പം സഹനപരിധിക്കുള്ളില്‍ തുടരുന്നു
അടിസ്ഥാന പലിശ നിരക്ക് 6.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ അവലോകന യോഗത്തില്‍ തീരുമാനം. മൂന്നുദിവസങ്ങളിലായി ചേര്‍ന്ന യോഗത്തില്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നതിന്‍റെ അടിസ്ഥാനത്തില്‍ ക്രമേണ നിരക്കുകള്‍ മയപ്പെടുത്തുന്നതിന് അനുകൂലമായി സമിതിയിലെ ആറ് അംഗങ്ങളില്‍ അഞ്ച് പേരും വോട്ട് ചെയ്തു.
സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്‍ഡിഎഫ് നിരക്ക്) 6.25 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റിയും ബാങ്ക് നിരക്കുകളും 6.75 ശതമാനമായും നിലനിര്‍ത്തുന്നതിനും തീരുമാനിച്ചതായും യോഗത്തിനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികണ്ഠദാസ് വ്യക്തമാക്കി. റോയ്ട്ടേര്‍സ് നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 64 സാമ്പത്തിക വിദഗ്‍ധരും ഇത്തവണയും പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകില്ല എന്നു പ്രവചിച്ചിരുന്നു.
ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.7 ശതമാനത്തിലേക്ക് കുറഞ്ഞ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇത്തവണ ധനനയ അവലോകന സമിതി യോഗം ചേര്‍ന്നത്. തുടര്‍ച്ചയായ ധനനയ അവലോകന യോഗങ്ങളിലായി 250 ബിപിഎസ് വര്‍ധന അടിസ്ഥാന പലിശ നിരക്കുകളില്‍ വരുത്തിയ ശേഷം, ഏപ്രിലിൽ ബെഞ്ച്മാർക്ക് പലിശ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താന്‍ ആര്‍ബിഐ നിശ്ചയിച്ചിരുന്നു.
റീട്ടെയില്‍ പണപ്പെരുപ്പം കുറഞ്ഞ സാഹചര്യവും സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കേണ്ട ആവശ്യകതയും കണക്കിലെടുത്താണ് പലിശ നിരക്ക് വര്‍ധനയ്ക്ക് വിരാമമിടാന്‍ കേന്ദ്രബാങ്ക് തീരുമാനിച്ചത്. മന്ദഗതിയിലുള്ള പണപ്പെരുപ്പവും സാമ്പത്തിക വളർച്ചയിലെ ശക്തമായ വീണ്ടെടുപ്പും നിരക്കുകള്‍ നിലനിര്‍ത്തുന്നതിന് പ്രേരിപ്പിച്ചുവെങ്കിലും, ആഗോള വളർച്ചാ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും ഇത് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതും ഒരു പ്രധാന ആശങ്കയായി മുന്നിലുണ്ടെന്ന് സാമ്പത്തിക വിദഗ്‍ധര്‍ ചൂണ്ടിക്കാണിക്കുന്നു.