11 Aug 2025 1:51 PM IST
Summary
മികച്ച എഐ നഗരങ്ങളില്‍ ബെംഗളൂരു അഞ്ചാം സ്ഥാനത്തെന്ന് മുഖ്യമന്ത്രി
സംരംഭകര്‍ക്ക് മികച്ച തുടക്കമിടാനും വളരാനും ഏറ്റവും അനുയോജ്യം കര്‍ണാടകയെന്ന് സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ. നവംബര്‍ 18 മുതല്‍ 20 വരെ സംഘടിപ്പിക്കുന്ന 28-ാമത് ബെംഗളൂരു ടെക് ഉച്ചകോടിയിലേക്ക് വ്യവസായ പ്രമുഖരെ മുഖ്യമന്ത്രി ക്ഷണിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചകോടിയുടെ പ്രചാരണത്തിനായി കര്‍ണാടക സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ്, ഐടി, ബിടി വകുപ്പ് വിളിച്ച പ്രഭാതഭക്ഷണ യോഗത്തില്‍ നൂറോളം വ്യവസായ പ്രമുഖര്‍ പങ്കെടുത്തു.
'ഏറ്റവും മികച്ച എഐ നഗരങ്ങളില്‍ ബെംഗളൂരു അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയിലെ എഐ പ്രതിഭകളില്‍ ഏകദേശം 50 ശതമാനവും ഇവിടെയാണ്. ഇത് ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ എഐ പ്രതിഭാ കേന്ദ്രമാക്കി മാറ്റുന്നു', മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കര്‍ണാടകയുടെ പുതിയ ഐടി നയം എഐയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
' കര്‍ണാടക ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല ക്വാണ്ടം ടെക്‌നോളജി റോഡ്മാപ്പ് പുറത്തിറക്കി. 2035 ഓടെ 20 ബില്യണ്‍ യുഎസ് ഡോളര്‍ ക്വാണ്ടം സമ്പദ് വ്യവസ്ഥയോടെ കര്‍ണാടകയെ ഏഷ്യയിലെ ഏറ്റവും മികച്ച ക്വാണ്ടം ഇന്നൊവേഷന്‍ ഹബ്ബാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,' അദ്ദേഹം പറഞ്ഞു.
'ബെംഗളൂരുവില്‍ ക്വാണ്ടം ഹാര്‍ഡ്വെയര്‍ പാര്‍ക്കുകള്‍, ഇന്നൊവേഷന്‍ സോണുകള്‍, ഒരു ആഗോള ക്വാണ്ടം കോണ്‍ക്ലേവ് എന്നിവ ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്,' സിദ്ധരാമയ്യ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കയറ്റുമതി സംസ്ഥാനമാണ് കര്‍ണാടകയെന്നും രാജ്യത്തിന്റെ സോഫ്റ്റ്വെയര്‍ കയറ്റുമതിയുടെ 44 ശതമാനം സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ ഇപ്പോള്‍ 18,300-ലധികം സ്റ്റാര്‍ട്ടപ്പുകളും 45-ലധികം യൂണികോണുകളും ഉണ്ടെന്നതില്‍ മുഖ്യമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. കര്‍ണാടക ഇത് ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം വ്യവസായ പ്രമുഖര്‍ക്ക് വാഗ്ദാനം ചെയ്തു.
ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ പരിഹരിക്കാന്‍ എത്തുന്ന സ്ഥലമാക്കി കര്‍ണാടകയെ മാറ്റുക എന്നതാണ് കര്‍ണാടകയുടെ ദര്‍ശനമെന്നും മുഖ്യമന്ത്രി പറഞ്ഞു.