1 Sept 2025 12:44 PM IST
Summary
പിഎംഐ ഓഗസ്റ്റില്‍ 59.3 ആയി ഉയര്‍ന്നു
ഓഗസ്റ്റില്‍ ശക്തമായ വളര്‍ച്ചയുമായി ഇന്ത്യയുടെ നിര്‍മാണ മേഖല. എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്‌സ് (പിഎംഐ) ജൂലൈയിലെ 59.1 ല്‍ നിന്ന് 59.3 ആയി ഉയര്‍ന്നതായി എസ് ആന്‍ഡ് പി ഗ്ലോബല്‍ ഡാറ്റ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ഉല്‍പ്പാദന പിഎംഐ 17.5 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി; ഏകദേശം 5 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ ഉല്‍പ്പാദന വളര്‍ച്ചാ നിരക്കാണിത്.
'ഉല്‍പ്പാദനത്തിലെ ദ്രുതഗതിയിലുള്ള വികാസമാണ് ഓഗസ്റ്റില്‍ ഇന്ത്യയുടെ നിര്‍മാണ പിഎംഐ മറ്റൊരു പുതിയ ഉയരത്തിലെത്താന്‍ കാരണമായത്,' എച്ച്എസ്ബിസിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുല്‍ ഭണ്ഡാരി പറഞ്ഞു.
ഓഗസ്റ്റ് പിഎംഐ ഡാറ്റ സൂചിപ്പിക്കുന്നത് ഉല്‍പ്പാദന മേഖല ശക്തമായ വളര്‍ച്ചാ പാതയിലാണെന്നും ഇത് മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയില്‍ നല്ല സ്വാധീനം ചെലുത്തുമെന്നമാണ്. തുടര്‍ച്ചയായ നയ പിന്തുണയും അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപവും ഉപയോഗിച്ച്, ഈ മേഖല അതിന്റെ ആക്കം നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. ഇത് സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസര സൃഷ്ടിക്കും കാരണമാകും.
സര്‍വേയില്‍ പങ്കെടുത്ത ബിസിനസുകള്‍ ഉയര്‍ന്ന ഇന്‍പുട്ട് സ്റ്റോക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഫിനിഷ്ഡ് ഉല്‍പ്പന്നങ്ങളുടെ ഇന്‍വെന്ററികളും ഒമ്പത് മാസത്തിനിടെ ആദ്യമായി വര്‍ദ്ധിച്ചു.
അന്താരാഷ്ട്ര ഓര്‍ഡറുകളില്‍ നേരിയ വര്‍ധനവുണ്ടായി. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ വര്‍ധനവാണിത്. എന്നാല്‍ ഏറ്റവും മികച്ച പിന്തുണ ലഭിച്ചത് ആഭ്യന്തര വാങ്ങലുകാരില്‍നിന്നാണ്.
അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ് കയറ്റുമതി ഓര്‍ഡറുകള്‍ വര്‍ധിച്ചത്.ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് താരിഫ് വര്‍ധിപ്പിച്ചതാണ് ഇതിന് കാരണമായത്.
കമ്പനികള്‍ അധിക സാമഗ്രികളുടെ വാങ്ങല്‍ ത്വരിതപ്പെടുത്തുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ബിസിനസ് വീക്ഷണത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം ഇതിന് ഒരു കാരണമായി. ഓഗസ്റ്റില്‍ തുടര്‍ച്ചയായ പതിനെട്ടാം മാസവും തൊഴില്‍ വളര്‍ച്ചയുണ്ടായി.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് തീരുവ വര്‍ദ്ധിപ്പിച്ചത് പുതിയ കയറ്റുമതി ഓര്‍ഡര്‍ വളര്‍ച്ചയിലെ മാന്ദ്യത്തിന് കാരണമായതായി ഭണ്ഡാരി പറഞ്ഞു.
എന്നാല്‍ താരിഫ് മൂലമുണ്ടായ മാന്ദ്യം നികത്താന്‍ സഹായിച്ച ശക്തമായ ആഭ്യന്തര ആവശ്യകതയുടെ പിന്തുണയോടെ മൊത്തത്തിലുള്ള ഓര്‍ഡര്‍ വളര്‍ച്ച സ്ഥിരത പുലര്‍ത്തി. ഭാവിയിലെ ഉല്‍പ്പാദനത്തെക്കുറിച്ച് നിര്‍മാതാക്കള്‍ ശുഭാപ്തിവിശ്വാസത്തിലാണ്.