13 Sept 2025 1:42 PM IST
Summary
എംആര്‍പി പരിഷ്‌കരിക്കാന്‍ ഫാര്‍മ കമ്പനികളോട് കേന്ദ്ര നിര്‍ദ്ദേശം
ജിഎസ്ടി ഇളവ് അനുസരിച്ച് മരുന്നുകള്‍, ഫോര്‍മുലേഷനുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ എംആര്‍പി പരിഷ്‌കരിക്കാന്‍ ഫാര്‍മ കമ്പനികളോട് കേന്ദ്ര നിര്‍ദ്ദേശം. വില പരിഷ്‌ക്കരണം ഈ മാസം 22 മുതല്‍ നടപ്പില്‍ വരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതുക്കിയ വിലകള്‍ ഡീലര്‍മാരെയും ചില്ലറവ്യാപാരികളെയും സര്‍ക്കാരിനെയും ഉടന്‍ അറിയിക്കണം.
ജിഎസ്ടി നിരക്കുകളിലെ കുറവിന്റെ ഗുണം ഉപഭോക്താക്കള്‍ക്കും രോഗികള്‍ക്കും കൈമാറുമെന്ന് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി സ്ഥിരീകരിച്ചു.
ജിഎസ്ടി നിരക്കുകളിലെ കുറവിനെക്കുറിച്ച് ഡീലര്‍മാര്‍ക്കും, ചില്ലറ വ്യാപാരികള്‍ക്കും, ഉപഭോക്താക്കള്‍ക്കും ബോധവല്‍ക്കരണം നടത്തണം. ഇതിനായി ഇലക്ട്രോണിക്, പ്രിന്റ്, സോഷ്യല്‍ മീഡിയ എന്നിവയുള്‍പ്പെടെ സാധ്യമായ എല്ലാ ആശയവിനിമയ മാര്‍ഗങ്ങളും ഉപയോഗിക്കാമെന്നും മന്ത്രാലയം നോട്ടീസിലൂടെ നിര്‍ദ്ദേശിച്ചു.
മറ്റ് നടപടികളിലൂടെ ചില്ലറ വില്‍പ്പനക്കാരുടെ തലത്തില്‍ വില പാലിക്കല്‍ ഉറപ്പാക്കാന്‍ കഴിയുമെങ്കില്‍, നിലവിലുള്ള സ്‌റ്റോക്ക് തിരിച്ചുവിളിക്കേണ്ടതില്ലെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. അല്ലെങ്കില്‍ സ്‌റ്റോക്ക് തിരികെവിളിച്ച് വീണ്ടും ലേബല്‍ ചെയ്തശേഷം പുനഃസ്ഥാപിക്കേണ്ടിവരും.
പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡീലര്‍മാരെയും ചില്ലറ വ്യാപാരികളെയും ബന്ധപ്പെടുന്നതിന് പ്രാദേശിക പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ദേശീയ പത്രങ്ങളില്‍ വ്യവസായ സംഘടനകള്‍ക്ക് പരസ്യങ്ങള്‍ നല്‍കാമെന്ന് ഭരണസമിതി നിര്‍ദ്ദേശിച്ചു.
അഞ്ച് ശതമാനം നികുതി ഈടാക്കിയിരുന്ന പ്രധാന മരുന്നുകള്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ 12% സ്ലാബില്‍ ഈടാക്കിയിരുന്ന മരുന്നുകള്‍ 5% ആയി മാറ്റില്ല.
കാന്‍സര്‍, ആസ്ത്മ എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ നേരത്തെ ഈടാക്കിയിരുന്ന 12% ല്‍ നിന്ന് 5% ജിഎസ്ടി സ്ലാബിലേക്ക് മാറ്റിയിച്ചുണ്ട്.
ടാല്‍ക്കം പൗഡര്‍, ഫേസ് പൗഡര്‍, ഹെയര്‍ ഓയില്‍, ഷാംപൂ, ഡെന്റല്‍ ഫ്‌ലോസ്, ടൂത്ത് പേസ്റ്റ്, ടോയ്ലറ്റ് സോപ്പ്, ഷേവിംഗ് ക്രീം, ഷേവിംഗ് ലോഷന്‍, ആഫ്റ്റര്‍ ഷേവ് ലോഷന്‍ എന്നിവയുള്‍പ്പെടെ മിക്ക ഉല്‍പ്പന്നങ്ങളുടെയും ജിഎസ്ടി നിരക്ക് 18% ല്‍ നിന്ന് 5% ആയി സര്‍ക്കാര്‍ കുറച്ചു.