17 Dec 2025 5:55 PM IST
Summary
എന്‍.ഡി.ടി.വി ഏറ്റെടുക്കൽ; രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കി, അദാനിക്കെതിരെ ഒടുവിൽ സെബി
അദാനി കുടുംബം ഇന്‍സൈഡര്‍ ട്രേഡിംഗ് നടത്തിയെന്ന ഗുരുതര ആരോപണവുമായി സെബി. എന്‍.ഡി.ടി.വി ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും റിപ്പോര്‍ട്ട്.
ഗൗതം അദാനിയുടെ അനന്തരവനും അദാനി ഗ്രൂപ്പ് ഡയറക്ടറുമായ പ്രണവ് അദാനിക്കെതിരെയാണ് സെബി ഷോക്കോസ് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രണവ് അദാനി തന്റെ ബന്ധുക്കളായ കുനാല്‍ ഷാ, നൃപാല്‍ ഷാ, ധന്‍പാല്‍ ഷാ എന്നിവര്‍ക്ക് എന്‍.ഡി.ടി.വി ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്നാണ് സെബിയുടെ കണ്ടെത്തല്‍.
2022 ഓഗസ്റ്റിലാണ് അദാനി ഗ്രൂപ്പ് എന്‍.ഡി.ടി.വി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഈ പ്രഖ്യാപനം പുറത്തുവരുന്നതിന് മുന്‍പ് തന്നെ പ്രണവ് അദാനിയും ബന്ധുക്കളും തമ്മില്‍ നിരന്തരമായി ഫോണ്‍ കോളുകള്‍ കൈമാറിയതായി സെബി നിരീക്ഷിച്ചു. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഇവര്‍ എന്‍.ഡി.ടി.വി ഓഹരികള്‍ വന്‍തോതില്‍ വാരിക്കൂട്ടി.
അന്വേഷണം ശക്തമാക്കും
കുനാല്‍ ഷാ മാത്രം ഏകദേശം 78,000 ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഒരു ദിവസം വിപണിയില്‍ നടന്ന ആകെ എന്‍ഡിടിവി ഓഹര വ്യാപാരത്തിന്റെ 9 ശതമാനവും ഇദ്ദേഹമായിരുന്നു നടത്തിയത്. പ്രഖ്യാപനം വന്നതോടെ ഓഹരി വില കുതിച്ചുയര്‍ന്നു. ഇതിലൂടെ കുനാല്‍ ഷാ 52.89 ലക്ഷം രൂപയും, മറ്റു ബന്ധുക്കള്‍ 52.7 ലക്ഷം, 32.6 ലക്ഷം രൂപ വീതവും നിയമവിരുദ്ധ ലാഭമുണ്ടാക്കിയെന്നാണ് ആരോപണം.
ലിസ്റ്റ് ചെയ്ത ഒരു കമ്പനിയുടെ വിലയെ ബാധിക്കുന്ന രഹസ്യവിവരങ്ങള്‍ പുറത്തുവിടുന്നതും അത് ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നതും ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമപ്രകാരം കുറ്റകരമാണ്.ഇതിനെത്തുടര്‍ന്ന് ഇവര്‍ക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നടപടികള്‍ക്കായി സെബി അന്വേഷണം നടത്തുകയാണ്.അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങളോട് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ അദാനി ഗ്രീന്‍ എനര്‍ജിയുമായി ബന്ധപ്പെട്ട സമാനമായ ഒരു കേസ് തെളിവുകളുടെ അഭാവത്തില്‍ സെബി തള്ളിയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
