3 Aug 2025 2:43 PM IST
Summary
ഇളവ് നല്‍കാവുന്ന കൂടുതല്‍ ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനോട് പരസ്യ ഏറ്റുമുട്ടല്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വ്യാപാര കരാറില്‍ ഇന്ത്യ തല്‍ക്കാലം സംയമനം പാലിക്കും.
ഇറക്കുമതി തീരുവ വിഷയത്തില്‍ ഉടനടി എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട എന്നാണ് ഇന്ത്യയുടെ നിലപാട്. താരിഫ് ഇളവ് നല്‍കാവുന്ന കൂടുതല്‍ ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കൂട്ടാനും ഇന്ത്യ തീരുമാനിച്ചു. അതേസമയം കാര്‍ഷിക ഉത്പന്നങ്ങളില്‍ കടുത്ത നിലപാട് തുടരും.
കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര കരാറില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ അമേരിക്കയും 50 ശതമാനം ഇറക്കുമതി തീരുവ ഇന്ത്യയും കുറയ്ക്കുമെന്നാണ് ആദ്യ ഘട്ടത്തിലുണ്ടായ ധാരണ. എന്നാല്‍ പിന്നീട് അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ താരിഫ് വിഷയത്തില്‍ സമ്മര്‍ദം ശക്തമാക്കി. ഇതോടെ 60 ശതമാനം ഉത്പന്നങ്ങളെ വ്യാപാര കരാറിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചു. ഇതിലും കൂടുതല്‍ ഉത്പന്നങ്ങള്‍ വേണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ കാര്‍ഷിക, ക്ഷീര ഉത്പന്നങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ട എന്നതാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.
ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25% തീരുവ ചുമത്തിയെന്നാണ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചത്. റഷ്യയില്‍ നിന്ന് ഇന്ത്യ ആയുധവും എണ്ണയും വാങ്ങുന്നതിനാല്‍ തീരുവയ്ക്ക് പുറമെ പിഴയും ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. താരിഫ് തീരുമാനം നടപ്പാക്കിയാല്‍ ടെക്സ്റ്റൈല്‍സ് അടക്കം പല ഉത്പന്നങ്ങളുടെയും കയറ്റുമതിയെ ഇത് ബാധിക്കും.