14 Sept 2025 8:32 AM IST
Summary
പച്ചക്കറിയ്ക്കടക്കം വില ഉയര്‍ന്നാല്‍ ഡിസംബര്‍ മാസത്തെ നിരക്ക് കുറയ്ക്കലും സാധ്യമാകില്ല
ഈവര്‍ഷം ഇനി റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. ചില്ലറ പണപ്പെരുപ്പം വര്‍ദ്ധിച്ചതാണ് കാരണം. നേരത്തെ ഒക്ടോബറില്‍ റിപ്പോ നിരക്ക് കുറച്ചേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.
ഓഗസ്റ്റില്‍ ചില്ലറ പണപ്പെരുപ്പം 2 ശതമാനത്തിന് മുകളിലേക്ക് എത്തി. ഒപ്പം കാലാവസ്ഥ വ്യതിയാനം അടക്കമുള്ളവ വിളവെടുപ്പ് കാലത്തെ സ്വാധീനിക്കാനും സാധ്യതയുണ്ട്. കാര്‍ഷിക സംസ്ഥാനങ്ങളില്‍ അധിക മഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ ആദ്യം വരെ ഇന്ത്യയിലുടനീളം സാധാരണയേക്കാള്‍ 9 ശതമാനം കൂടുതലായിരുന്നു മഴ. ഇതിന്റെ ഫലമായി വിളവെടുപ്പ് കുറഞ്ഞാല്‍ ഭക്ഷ്യ വിലപ്പെരുപ്പം ഉയരും. പച്ചക്കറിയ്ക്കടക്കം വില ഉയര്‍ന്നാല്‍ ഡിസംബര്‍ മാസത്തെ നിരക്ക് കുറയ്ക്കലും സാധ്യമാവില്ലെന്നും ബാങ്ക് വ്യക്തമാക്കി.
ഓഗസ്റ്റില്‍ ചില്ലറ പണപ്പെരുപ്പം 2.07 ശതമാനമാണ്. കോര്‍ പണപ്പെരുപ്പം 4.16 ശതമാനവും.
ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വര്‍ദ്ധനവ് കണ്ടു. ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം 1.69 ശതമാനമായി .ജൂലൈയിലെ 1.18 ശതമാനത്തില്‍ നിന്നാണ് ഈ കുതിപ്പ്. നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പം 2.10 ശതമാനത്തില്‍ നിന്ന് 2.47 ശതമാനമായും ഉയര്‍ന്നു.