30 Oct 2024 8:24 PM IST
Summary
- എന്‍ആര്‍ഐ നിക്ഷേപം 2024 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 7.82 ബില്യണ്‍ ഡോളറായി
- കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്
- നോണ്‍-റെസിഡന്റ് ഓര്‍ഡിനറി നിക്ഷേപങ്ങളിലും വര്‍ധന
ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയില്‍ എന്‍ആര്‍ഐ നിക്ഷേപങ്ങള്‍
കുതിച്ചുയരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപങ്ങളില്‍ ഗണ്യമായ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിന്‍ അനുസരിച്ച്, എന്‍ആര്‍ഐ പദ്ധതികളിലേക്കുള്ള നിക്ഷേപം 2024 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 7.82 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്.
ഈ കാലയളവില്‍ വിവിധ എന്‍ആര്‍ഐ ഡെപ്പോസിറ്റ് സ്‌കീമുകളില്‍, വിദേശ കറന്‍സി നോണ്‍ റസിഡന്റ് നിക്ഷേപങ്ങള്‍ 3.47 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം 1.55 ബില്യണ്‍ ഡോളറായിരുന്നു.
2024 ഏപ്രില്‍- ഓഗസ്റ്റ്് കാലയളവില്‍ നോണ്‍-റെസിഡന്റ് ഓര്‍ഡിനറി നിക്ഷേപങ്ങളില്‍ 1.84 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷമിത് 1.32 ബില്യണ്‍ ഡോളറായിരുന്നു.
ആഗോള സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യന്‍ വിപണികളിലെ ആകര്‍ഷകമായ വരുമാനം, ശക്തമായ സാമ്പത്തിക അടിസ്ഥാനങ്ങള്‍, കൂടുതല്‍ സ്ഥിരതയുള്ള ആഭ്യന്തര നാണയ നയ അന്തരീക്ഷം തുടങ്ങിയ ഘടകങ്ങളാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം.
2024 ഓഗസ്റ്റ് വരെയുള്ള എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ 158.94 ബില്യണ്‍ ഡോളറിലെത്തിയതോടെ, രാജ്യത്തിന്റെ സാമ്പത്തിക സാധ്യതകളില്‍ ഇന്ത്യന്‍ പ്രവാസികളുടെ തുടര്‍ച്ചയായ വിശ്വാസം പ്രകടമാണ്.