4 Nov 2023 4:40 PM IST
Summary
- ഡെല്‍ഹിയില്‍ കിലോയ്ക്ക് 25രൂപനിരക്കില്‍ ഉള്ളിലഭ്യമാക്കും
- എന്‍സിസിഎഫും നാഫെഡും ഇതിനകം സബ്‌സിഡി നിരക്കില്‍ ഉള്ളി വില്‍ക്കുന്നു
വര്‍ധിച്ചുവരുന്ന ഉള്ളി വിലയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. മദര്‍ ഡയറിയുടെ സഫല്‍ ഔട്ട്ലെറ്റുകള്‍ ഡെല്‍ഹിയില്‍ കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കില്‍ ബഫര്‍ ഉള്ളി വില്‍ക്കും. അതേസമയം ഹൈദരാബാദ് അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ്‌സ് അസോസിയേഷന്‍ തെലങ്കാനയിലും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കുറഞ്ഞവിലയില്‍ ഉള്ളി വിതരണം ചെയ്യുന്നു.
ഇതിനകം, സഹകരണ സ്ഥാപനങ്ങളായ എന്‍സിസിഎഫും നാഫെഡും സബ്സിഡി നിരക്കില്‍ ബഫര്‍ ഉള്ളി ചില്ലറ വില്‍പ്പന നടത്തുന്നുണ്ട്. നാഫെഡ് ഇതുവരെ 21 സംസ്ഥാനങ്ങളിലെ 55 നഗരങ്ങളിലായി മൊബൈല്‍ വാനുകളും സ്റ്റേഷന്‍ ഔട്ട്ലെറ്റുകളും അടങ്ങുന്ന 329 റീട്ടെയില്‍ പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്‍സിസിഎഫ് 20 സംസ്ഥാനങ്ങളിലെ 54 നഗരങ്ങളിലായി 457 റീട്ടെയില്‍ പോയിന്റുകളും പ്രവര്‍ത്തിപ്പിക്കുന്നു.കേന്ദ്രീയ ഭണ്ഡാറും നവംബര്‍ 3 മുതല്‍ ഡെല്‍ഹി-എന്‍സിആറിലുടനീളം ഉള്ള ഔട്ട്ലെറ്റുകള്‍ വഴി ഉള്ളിയുടെ റീട്ടെയില്‍ വിതരണം ആരംഭിച്ചു.
'സഫല്‍ മദര്‍ ഡയറിയിലൂടെയുള്ള വില്‍പ്പന ഈ വാരാന്ത്യത്തില്‍ ആരംഭിക്കും. തെലങ്കാനയിലെയും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് ഉള്ളിയുടെ ചില്ലറ വില്‍പ്പന ഹൈദരാബാദ് അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ്‌സ് അസോസിയേഷന്‍ ഏറ്റെടുക്കുന്നു,' ഉപഭോക്തൃകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഖാരിഫ് വിളയുടെ വരവ് വൈകിയതിനെത്തുടര്‍ന്ന് അടുത്തിടെയുള്ള ഉള്ളി വിലയിലുണ്ടായ വര്‍ധനയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായാണ് മന്ത്രാലയം ബഫറില്‍ നിന്ന് ഉള്ളിയുടെ ചില്ലറ വില്‍പ്പന ആരംഭിച്ചത്.
ഈ വര്‍ഷം 5 ലക്ഷം ടണ്‍ ഉള്ളിയുടെ ബഫര്‍ സ്റ്റോക്ക് സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്, കൂടാതെ 2 ലക്ഷം ടണ്‍ അധിക ബഫര്‍ സൃഷ്ടിക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ സമീപകാല നടപടികള്‍ കാരണം, മൊത്തവില കുറയുന്ന പ്രവണത കാണിക്കുന്നുണ്ടെങ്കിലും ചില്ലറ വിപണിയില്‍ പ്രതിഫലിക്കാന്‍ സമയമെടുക്കും.
മഹാരാഷ്ട്രയിലെ ലാസല്‍ഗാവ് മാര്‍ക്കറ്റില്‍ ഒക്ടോബര്‍ 28 ന് ഉള്ളിയുടെ മൊത്തവില ക്വിന്റലിന് 4,800 രൂപയായിരുന്നു. ഇത് നവംബര്‍ 3 ന് ക്വിന്റലിന് 3,650 രൂപയായി കുറഞ്ഞതായി പ്രസ്താവനയില്‍ പറയുന്നു. ഒരാഴ്ചയ്ക്കിടെ 24 ശതമാനം ഇടിവുണ്ടായി.
കൂടാതെ, സാധാരണ കുടുംബങ്ങള്‍ക്ക് പരിപ്പിന്റെ ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കാന്‍, സര്‍ക്കാര്‍ ഒരു കിലോയ്ക്ക് 60 രൂപ സബ്സിഡി നിരക്കില്‍ ഭാരത് ദാല്‍ ലഭ്യമാക്കിയിട്ടുണ്ട്.