23 May 2023 4:32 PM IST
Summary
- 100 രൂപയ്‌ക്കോ 200 രൂപയ്‌ക്കോ ഇന്ധനം അടിച്ചാലും 2000 രൂപയുടെ നോട്ടുകളാണ് പലരും നല്‍കുന്നത്
- എല്ലാവര്‍ക്കും ഏതുവിധേനയും 2000 രൂപ മാറ്റിയെടുക്കണമെന്ന ചിന്തയാണ്
- മുന്‍പു കറന്‍സി നോട്ട് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാനെത്തിയിരുന്ന കസ്റ്റമേഴ്‌സ് വെറും പത്ത് ശതമാനം മാത്രമായിരുന്നു
2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചതോടെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തുന്ന പത്തില്‍ ഒന്‍പത് പേരും നല്‍കുന്നത് 2000 രൂപയുടെ നോട്ടുകള്‍. 100 രൂപയ്‌ക്കോ 200 രൂപയ്‌ക്കോ ഇന്ധനം അടിച്ചാലും 2000 രൂപയുടെ നോട്ടുകളാണ് പലരും നല്‍കുന്നത്. ഇത് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് വന്‍ അസൗകര്യം സൃഷ്ടിക്കുകയാണ്.
ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണു (എഐപിഡിഎ) ഇക്കാര്യം പറയുന്നത്. രാജ്യത്തെ പെട്രോള്‍ പമ്പ് ഡീലര്‍മാരുടെ ഏറ്റവും വലിയ അസോസിയേഷനാണ് എഐപിഡിഎ.
2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള ആര്‍ബിഐ തീരുമാനം 2016-ലെ നോട്ട് അസാധുവാക്കല്‍ കാലത്ത് നേരിട്ട അതേ ദുഷ്‌കരമായ സാഹചര്യം രാജ്യത്തുടനീളമുള്ള പെട്രോള്‍ പമ്പുകളില്‍ വീണ്ടും സൃഷ്ടിച്ചെന്നു എഐപിഡിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
മെയ് 19-നു മുന്‍പ് അതായത്, 2000 രൂപ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിക്കുന്നതിനു മുന്‍പു കറന്‍സി നോട്ട് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാനെത്തിയിരുന്ന കസ്റ്റമേഴ്‌സ് വെറും പത്ത് ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ഏതുവിധേനയും 2000 രൂപ മാറ്റിയെടുക്കണമെന്ന ചിന്തയാണ്. അതോടെ പെട്രോള്‍ പമ്പുകളില്‍ ക്യാഷ് സെയില്‍സ് വര്‍ധിക്കുകയും ചെയ്തിരിക്കുകയാണ്.
2016-ല്‍ നോട്ട് അസാധുവാക്കിയപ്പോള്‍ ഇതേ സാഹചര്യം രൂപപ്പെട്ടിരുന്നു. അന്ന് ഉയര്‍ന്ന വില്‍പ്പന നടക്കുകയും ചെയ്തു. ഭൂരിഭാഗം പേരും അസാധുവായി പ്രഖ്യാപിച്ച 500, 1000 രൂപ നോട്ടുകളാണ് ഉപയോഗിച്ചത്. ഇത് വലിയ തോതില്‍ ഡീലര്‍മാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.
വില്‍പ്പന ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്‍കം ടാക്‌സ് അധികൃതര്‍ പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്ക് നോട്ടീസ് അയക്കുകയുണ്ടായി. അന്ന് നിരവധി ഡീലര്‍മാര്‍ക്കാണ് ആദായനികുതി വകുപ്പിന്റെ പരിശോധനകളെയും അന്വേഷണങ്ങളെയും നേരിടേണ്ടി വന്നത്.
ഈ സാഹചര്യത്തില്‍ 2000 രൂപ മാറ്റിയെടുക്കാന്‍ പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്ക് ബാങ്കുകള്‍ പ്രത്യേക സൗകര്യമേര്‍പ്പെടുത്തണമെന്നു എഐപിഡിഎ ആവശ്യപ്പെടുന്നുണ്ട്. ചെറിയ മൂല്യമുള്ള നോട്ടുകള്‍ കൂടുതല്‍ ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പെട്രോള്‍ പമ്പുകളില്‍ പ്രതിദിനം 40 ശതമാനത്തോളം ഡിജിറ്റല്‍ പേയ്‌മെന്റ്‌സായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 10 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഭൂരിഭാഗം പേരും ഇപ്പോള്‍ 2000 രൂപയുടെ കറന്‍സി നോട്ടുകളാണ് പേയ്‌മെന്റ്‌സിനായി ഉപയോഗിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ ബുദ്ധിമുട്ട് ഡീലര്‍മാര്‍ക്ക് സമ്മാനിക്കുമെന്ന ആശങ്കയുമുണ്ട്.