28 Feb 2025 2:17 PM IST
ഒരു മിസ്സ്ഡ് കോള്‍ മതി പിഎഫ് ബാലന്‍സ് അറിയാന്‍
Summary
- 2022-23 ലെ 8.15 ശതമാനത്തില്‍ നിന്ന് 2023-24 ലാണ് പലിശ 8.25 ശതമാനമാക്കിയത്
- നിലവിലെ ഇപിഎഫ് നിക്ഷേപ പലിശ നിരക്ക് 2015-16 വര്‍ഷത്തെനിരക്കിനേക്കാള്‍ കുറവാണ്
2024-25 വര്‍ഷത്തെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.25 ശതമാനം ആയി നിലനിര്‍ത്താന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ബോര്‍ഡ് തീരുമാനിച്ചു.
2022-23 ലെ 8.15 ശതമാനത്തില്‍ നിന്ന് 2023-24 ല്‍ 8.25 ശതമാനമായി നേരിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. മുന്‍ വര്‍ഷത്തെ ഇപിഎഫ് നിക്ഷേപ പലിശ നിരക്കുകള്‍ നിലനിര്‍ത്താന്‍ ഇപിഎഫ്ഒ ബോര്‍ഡ് ഇത്തവണ തീരുമാനിക്കുകയായിരുന്നു.
2021-22 ല്‍ ഇപിഎഫ് നിക്ഷേപ പലിശ നിരക്ക് 8.1% ആയി കുറച്ചിരുന്നു. ഇത് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു.
'വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ഇപിഎഫ്ഒയുടെ ഉന്നത തീരുമാനമെടുക്കല്‍ സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) 2024-25 വര്‍ഷത്തേക്കുള്ള ഇപിഎഫിന് 8.25 ശതമാനം പലിശ നിരക്ക് നല്‍കാന്‍ തീരുമാനിച്ചു,' എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.
സിബിടിയുടെ തീരുമാനത്തിന് ശേഷം, 2024-25 ലെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ധനകാര്യ മന്ത്രാലയത്തിന് സമ്മതത്തിനായി അയയ്ക്കും.
നിലവിലെ ഇപിഎഫ് നിക്ഷേപ പലിശ നിരക്ക് 2015-16 വര്‍ഷത്തെ ഇപിഎഫ് നിക്ഷേപ നിരക്കിനേക്കാള്‍ വളരെ കുറവാണ്, അന്ന് അത് 8.8 ശതമാനമായിരുന്നു. അതിനുശേഷം, ഇപിഎഫ്ഒ അതിന്റെ കോടിക്കണക്കിന് വരിക്കാരുടെ ഇപിഎഫ് നിക്ഷേപ നിരക്ക് ക്രമേണ കുറച്ചു.
2020 മാര്‍ച്ചില്‍, ഇപിഎഫ്ഒ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.5 ശതമാനമായി കുറച്ചിരുന്നു, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 8.65 ശതമാനമായിരുന്നു.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ്ഒ 8.65 ശതമാനം പലിശ നിരക്കും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 8.55 ശതമാനം പലിശ നിരക്കും നല്‍കിയിരുന്നു.