image

5 July 2024 11:34 AM IST

Economy

സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച സംഭാവനയുമായി പ്ലാസ്റ്റിക് വ്യവസായം

MyFin Desk

plastic, a strict recycling package should be implemented
X

Summary

  • പ്ലാസ്റ്റിക്കിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗം, പരിസ്ഥിതിയില്‍ അതുണ്ടാക്കുന്ന ആഘാതം, പരിഹാര നടപടികള്‍ എന്നിവ കോണ്‍ക്ലേവില്‍ ചര്‍ച്ചയാകും
  • സുസ്ഥിരമായ സമ്പദ് വ്യവസ്ഥയായി മാറേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ് സര്‍ക്കാര്‍
  • ഇന്ത്യയുടെ പ്ലാസ്റ്റിക് റീസൈക്ലിംഗ് വ്യവസായം അതിവേഗം വളരുന്നു


പ്ലാസ്റ്റിക് വ്യവസായം സമ്പദ്വ്യവസ്ഥയ്ക്ക് മികച്ച സംഭാവന നല്‍കുന്നതായി കെമിക്കല്‍സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് സെക്രട്ടറി നിവേദിത ശുക്ല വര്‍മ.ഈ മേഖല ധാരാളം തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നുമുണ്ട്. തലസ്ഥാനത്തെ പ്രഗതി മൈതാനിയില്‍ ഓള്‍ ഇന്ത്യ പ്ലാസ്റ്റിക്‌സ് മാനുഫാക്ചറേഴ്സ് അസോസിയേഷനും (എഐപിഎംഎ) കെമിക്കല്‍സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് മാനുഫാക്ചേഴ്സ് അസോസിയേഷനും (സിപിഎംഎ) സംഘടിപ്പിച്ച ഗ്ലോബല്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

പ്ലാസ്റ്റിക്കിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗം, പരിസ്ഥിതിയില്‍ അതുണ്ടാക്കുന്ന ആഘാതം, പരിഹാരത്തിന് ആവശ്യമായ നടപടികള്‍ എന്നിവയില്‍ ഇവന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഗോളതലത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മൊത്തം പ്ലാസ്റ്റിക് മാലിന്യത്തിന്റെ പത്ത് ശതമാനം മാത്രമാണ് പുനരുപയോഗം ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു വിഷയത്തില്‍ ഒരു കോണ്‍ക്ലേവ് സംഘടിപ്പിച്ചതിന് സംഘാടകരെ വര്‍മ്മ അഭിനന്ദിച്ചു.

പ്ലാസ്റ്റിക് മലിനീകരണം തടയാനുള്ള ശ്രമത്തില്‍, 2016-ല്‍ സര്‍ക്കാര്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. അത് ഉല്‍പ്പാദകരുടെ ഉത്തരവാദിത്തം നിര്‍ബന്ധമാക്കുകയും കര്‍ശനമായ പുനരുപയോഗ പാക്കേജ് നടപ്പിലാക്കുകയും പ്രത്യേക ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കുകയും ചെയ്തുവെന്ന് സെക്രട്ടറി പറഞ്ഞു.

അതിന്റെ പരിധി വിപുലീകരിക്കുന്നതിനായി വര്‍ഷങ്ങളായി നിയമങ്ങളില്‍ വിവിധ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ ഓരോ ദിവസവും ആഗോളതലത്തില്‍ കര്‍ശനമാക്കുന്നതിനാല്‍, നാം സുസ്ഥിരമായ സമ്പദ്വ്യവസ്ഥയായി മാറേണ്ടതിന്റെ ആവശ്യകത അവര്‍ ഊന്നിപ്പറഞ്ഞു.

'ഇന്ത്യയുടെ പ്ലാസ്റ്റിക് റീസൈക്ലിംഗ് വ്യവസായം അതിവേഗം വളരുകയാണ്, 2033 ഓടെ ഇത് 6.9 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു,' സര്‍ക്കാരിന്റെ സംരംഭങ്ങളും നിലവിലുള്ള 60 ശതമാനം ശക്തമായ റീസൈക്ലിംഗ് നിരക്കും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതായി പ്രസ്താവനയില്‍ പറയുന്നു.

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം ആഗോള പ്രശ്നമാണെന്നും മൂല്യ ശൃംഖലയില്‍ പങ്കാളികളാകുന്ന എല്ലാവരുടെയും സര്‍ക്കാരിന്റെയും സഹകരണം ആവശ്യമാണെന്ന് സിപിഎംഎപ്രസിഡന്റ് കമല്‍ നാനാവതി അഭിപ്രായപ്പെട്ടു.

പ്ലാസ്റ്റിക് സര്‍ക്കുലറിറ്റി മെച്ചപ്പെടുത്താനും സര്‍ക്കാരുമായുള്ള സഹകരണത്തിലൂടെ നിയന്ത്രണ ആവശ്യകതകള്‍ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കാനും ഇന്ത്യന്‍ വ്യവസായം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.