21 Feb 2025 5:04 PM IST
Summary
- സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തും
- കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യ യോഗം
പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തിക പ്രകടനം ധനമന്ത്രാലയം വിലയിരുത്തുന്നു. ഇതിനായി മാര്‍ച്ച് 4 ന് ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തപ്പെടും.
പിഎം സ്വാനിധി ഉള്‍പ്പെടെയുള്ള വിവിധ സാമ്പത്തിക പദ്ധതികളുടെ പുരോഗതിയാണ് വിലയിരുത്തുക. ബാങ്ക് മേധാവികളുടെ യോഗത്തില്‍ ധനകാര്യ സെക്രട്ടറി എം നാഗരാജു അധ്യക്ഷത വഹിക്കും.
കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യ യോഗമാണിത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസങ്ങളില്‍ റെക്കാഡ് ലാഭമാണ് പൊതുമേഖല ബാങ്കുകള്‍ കാഴ്ച വച്ചിരുന്നത്. ഈ കാലയളവില്‍ അറ്റാദായത്തിലും വായ്പാ വിതരണത്തിലും നേട്ടം കൈവരിച്ചു. നിക്ഷേപ സമാഹരണത്തിലും കിട്ടാക്കടങ്ങള്‍ കുറയ്ക്കുന്നതിലും മുന്‍പൊരിക്കലുമില്ലാത്ത നേട്ടമാണ് പൊതുമേഖല ബാങ്കുകള്‍ നേടിയതെന്നും ധനമന്ത്രാലയം പറഞ്ഞു.
ഏപ്രില്‍-ഡിസംബര്‍ കാലയളവിലെ പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായം 1.29 ലക്ഷം കോടിയാണ്. 31.3% വാര്‍ഷിക വര്‍ധന. ബാങ്കുകളുടെ പ്രവര്‍ത്തന ലാഭം അവലോകന കാലയളവില്‍ 2.20 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 11% ബിസിനസ് വളര്‍ച്ച കൈവരിച്ചു. ഈ കാലയളവിലെ ബിസിനസ് 242.27 ലക്ഷം കോടിയിലെത്തിയെന്നും ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.